Green Protocol in Govt Offices

Posted on Thursday, November 1, 2018

സര്‍ക്കാര്‍ ഓഫീസുകള്‍ ഗ്രീന്‍പ്രോട്ടോക്കോളിലേക്ക്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നു. ഹരിത കേരളം മിഷന്‍റെയും ശുചിത്വമിഷന്‍റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും നോഡല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി വന്ന ഗ്രീന്‍പ്രോട്ടോക്കോള്‍ പരിശീലനം പൂര്‍ത്തിയായി. സംസ്ഥാന തലത്തില്‍ 18 പരിശീലന പരിപാടികള്‍ ഇതിനായി സംഘടിപ്പിച്ചു. 1224 നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. സംസ്ഥാനതലത്തില്‍ 83 വകുപ്പുകളും 90 പൊതുമേഖലാ സ്ഥാപനങ്ങളും 33 കമ്മീഷനുകളും 33 ക്ഷേമബോര്‍ഡുകളും 160 ഗവണ്‍മെന്‍റ് സ്ഥാപനങ്ങളും 399 മറ്റ് സ്ഥാപനങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി. ജില്ലാതലങ്ങളില്‍ 1114 ഓഫീസുകളും ഗ്രീന്‍പ്രോട്ടോക്കോളിലേക്ക് മാറി. ഇതിനു പുറമേ 1224 സര്‍ക്കാര്‍ ഓഫീസുകളും ഹരിത ഓഫീസുകളായി മാറുന്നതായി അറിയിച്ചു. ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി എല്ലാത്തരം ഡിസ്പോസിബിള്‍ വസ്തുക്കളുടെയും ഉപയോഗം ഓഫീസുകളില്‍ ഒഴിവാക്കുന്നതാണ്. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഒഴിവാക്കും. സ്റ്റീല്‍ പാത്രങ്ങളും മറ്റ് പ്രകൃതി സൗഹൃദ വസ്തുക്കളാല്‍ നിര്‍മ്മിക്കുന്ന പാത്രങ്ങളും സജ്ജീകരിക്കും. ഉപയോഗശൂന്യമായ ഫര്‍ണീച്ചറുകള്‍ പുനരുപയോഗത്തിനായി കൈ മാറും. ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്യും. ജൈവ മാലിന്യങ്ങള്‍ ഓഫീസുകളില്‍ത്തന്നെ സംസ്ക്കരിക്കും. ജൈവ പച്ചക്കറി കൃഷി, ഓഫീസ് കാന്‍റീന്‍ ഹരിതാഭമാക്കല്‍, ശുചിമുറി നവീകരണം, ക്യാമ്പസ്, ടെറസ് എന്നിവ ഹരിതാഭമാക്കല്‍. എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ഘട്ടങ്ങളിലായി പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കും. സംസ്ഥാനം സമ്പൂര്‍ണ്ണമായും ഗ്രീന്‍പ്രോട്ടോക്കോളിലേയ്ക്ക് മാറ്റുന്നതിന് മുന്നോടിയായാണ് ആദ്യഘട്ടമായി സര്‍ക്കാര്‍ ഓഫീസുകളില്‍ പദ്ധതി നിര്‍ബന്ധമാക്കുന്നത്. എല്ലാ മാസവും പദ്ധതി നടത്തിപ്പ് വിവിധ തലങ്ങളില്‍ അവലോകനം ചെയ്യും