ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന സംവിധാനങ്ങളൊരുക്കി സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളെയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനുള്ള ജനകീയ ക്യാമ്പയിനാണു 'തെളിനീരൊഴുകും നവകേരളം'. മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജലാശയങ്ങളുടെ ശുചിത്വ അവസ്ഥ പരിശോധിച്ച് മലിനപ്പെട്ട ഇടങ്ങൾ കണ്ടെത്തുകയും ജനകീയ ശുചീകരണ യജ്ഞത്തിലൂടെ ഇവ വൃത്തിയാക്കുകയും മലിനീകരണ ഉറവിടങ്ങളെ ജനകീയ പങ്കാളിത്തത്തോടെ കണ്ടെത്തി പട്ടിക തയ്യാറാക്കുകയും ഇല്ലാതാക്കുന്നതിന് ശാസ്ത്രീയ ബദൽ സംവിധാനങ്ങൾ ഒരുക്കുകയുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
മാലിന്യനിക്ഷേപം തടയുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ കർമ്മപദ്ധതി രൂപീകരിക്കും. അതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അനുബന്ധ ഏജൻസികളുടെ സഹകരണത്തോടെ വിവിധ വകുപ്പുകളുടെ പദ്ധതി സംയോജനത്തിലൂടെയും ജനകീയ പങ്കാളിത്തത്തോടെയും ശാസ്ത്രീയ ഖര, ദ്രവ മാലിന്യ പദ്ധതികൾ ആസൂത്രണം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമ്പൂർണ്ണ ശുചിത്വ പദവി കൈവരിക്കുന്നതിന് പ്രാപ്തമാക്കാനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.
ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളെയും വിദ്യാർഥികളെയും യുവജനങ്ങളെയും സന്നദ്ധ സംഘടനകളേയും പങ്കെടുപ്പിച്ച് നടത്തുന്ന ജനകീയ വിദ്യാഭ്യാസ പരിപാടിയായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിൻ. ക്യാമ്പയിൻ രജിസ്ട്രേഷന്‍ sanitation.kerala.gov.in വെബ് സൈറ്റില്‍ ലഭ്യമാണ് .
സർവതല സ്പർശിയായ വിവര വിജ്ഞാന വ്യാപന ക്യാമ്പയിൻ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങളിൽ ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലനം സാധ്യമാക്കേണ്ടതിന്റെയും ആവശ്യകതയും കുടിവെള്ള ലഭ്യത കുറഞ്ഞു വരുന്നത് സംബന്ധിച്ചും അവബോധം സൃഷ്ടിക്കാൻ സാധിക്കും. ദ്രവമാലിന്യ പരിപാലന മേഖലയിൽ കേരളത്തിന്റെ സമഗ്രമായ ചുവടുവയ്പ്പായിരിക്കും 'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിൻ.
നദികളാലും വെള്ളത്താലും സമ്പുഷ്ടമായ കേരളത്തിൽ പക്ഷെ മാലിന്യങ്ങളാൽ നമ്മുടെ ജലസ്രോതസ്സുകൾ നമുക്കുപയോഗിയ്ക്കാൻ സാധിയ്ക്കാത്തവിധം നശിച്ചുകൊണ്ടിരിയ്ക്കുന്ന കാലഘട്ടത്തിലാണ് ജനങ്ങളുടെ കൂടെ പിന്തുണയോടെ തെളിനീരൊഴുകും ക്യാമ്പയിൻ ആരംഭിയ്ക്കുന്നത്. ഇത് നമ്മുടെ ജലാശയങ്ങളെ, ജലസ്രോതസ്സുകളെ മാലിന്യമുക്തമാക്കുകയും എല്ലാവർക്കും ഉപയോഗിയ്ക്കാൻ പാകത്തിൽ നമ്മുടെ ജലാശയങ്ങളെ മാറ്റുകയും അതുവഴിയുള്ള സാധ്യതകളെ ഉപയോഗപ്പെടുത്താനും ഈ ക്യാമ്പയിൻ വഴി സാധിയ്ക്കും.
- 893 views