അതിജീവനക്ഷമതയുള്ള കേരളമെന്ന ലക്ഷ്യത്തിലേക്ക് എ.സി. മൊയ്തീന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി
മുഖ്യമന്ത്രി സംസ്ഥാന നിയമസഭയില് “നമ്മള് നമുക്കായി” എന്ന് പേരിട്ടിരിക്കുന്ന ജനകീയാസൂത്രണ മാതൃകയിലുള്ള ക്യാമ്പയിന് പ്രഖ്യാപിക്കുകയുണ്ടായല്ലോ. മഹാപ്രളയത്തില് ഉലഞ്ഞുപോയ കേരളത്തെ മുമ്പു് ഉണ്ടായിരുന്നതിനേക്കാള് മികവുറ്റതായി പുനര്നിര്മ്മിക്കാനുതകുന്ന രീതിയില് ആണ് റീബില്ഡ് കേരള ഇനിഷ്യേറ്റീവിന് സര്ക്കാര് രൂപം നല്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് പരിസ്ഥിതി സൗഹൃദവും അതിജീവനക്ഷമതയുള്ളതുമായ കേരളമെന്ന ലക്ഷ്യത്തിലേക്ക് വഴികാട്ടുന്ന മാര്ഗ്ഗരേഖയായി കേരള പുനര്നിര്മ്മാണ വികസന പരിപാടി (Rebuild Kerala Development Programme) തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് അവരുടെ അറിവും ആശയവും കൂടി ഉള്കൊണ്ടുകൊണ്ട് തികച്ചും ജനകീയവും പ്രായോഗികവുമായ ഒരു ജനപങ്കാളിത്ത ക്യാമ്പയിനാണ് ‘നമ്മള് നമുക്കായി’ ലക്ഷ്യ മിടുന്നത്. ഈ ക്യാമ്പയിനിന് രണ്ട് ഘടകങ്ങളാണുള്ളത്. 1 ജനകീയ പങ്കാളിത്തത്തോടെ അതിജീവനക്ഷമത ഉറപ്പാക്കുന്നതിലേക്കാ വശ്യമായ നയ വ്യതിയാനങ്ങളും തിരുത്തലുകളും കണ്ടെത്തുന്നതിനുള്ള വിപുലമായ ക്യാമ്പയിന്. 2 എല്ലാ തദ്ദേശസ്വയംഭരണ സര്ക്കാരുകളിലും ദുരന്ത മാനേജ് മെന്റ് പ്ലാനുകള് ആസൂത്രണം ചെയ്യല്. പ്രാദേശിക ജനവിഭാഗങ്ങള്, യുവാ ക്കള്, സ്ത്രീകള്, പണ്ഡിതര്, ആഗോള മല യാളി സമൂഹം, അന്താരാഷ്ട്ര വിദഗ്ദ്ധര് എന്നിങ്ങനെ പല വിഭാഗങ്ങളുമായി നേരിട്ട് സംവദിക്കുന്ന തരത്തിലാണ് ക്യാമ്പയിന് ആവിഷ്കരിച്ചിട്ടുള്ളത്. പ്രാദേശിക തലത്തില് വിവിധ രീതി യില് ഈ ഇടപെടല് സാധ്യമാണ്. പ്രത്യേ കിച്ചും ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്ന പ്രവര്ത്തനത്തില്. അതിനായി ചിട്ടപ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളിലൂടെ ഒരു പരിധി വരെ ഇത് സാധ്യമാക്കാന് കഴിയണം. ഈ പ്രവര്ത്തനങ്ങളി ലെല്ലാം എല്ലാ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും സജീവമായ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. 2018 ആഗസ്റ്റ് മാസത്തിലുണ്ടായ മഹാപ്രളയത്തിലും തുടര്ന്നുണ്ടായ വിവിധ ദുരന്തങ്ങളിലും രക്ഷാപ്രവര്ത്തനത്തിലും മറ്റു അനുബന്ധ പ്രവര്ത്തനങ്ങളിലുമായി നേതൃത്വപരമായ പങ്ക് വഹിച്ചവരാണ് കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്. അതാണ് നമ്മുടെ ശക്തി. വിവിധ തരത്തിലുള്ള ദുരന്ത സാധ്യതയുള്ള ഒരു സംസ്ഥാനമാണ് കേരളം. പതി നേഴ് തരം പ്രകൃതി ദുരന്തങ്ങള്ക്കാണ് കേര ളത്തില് സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. അതോടൊപ്പം 22 ഇനം മനുഷ്യകാരണങ്ങളായ ദുരന്തങ്ങള്ക്കും കേരളത്തില് സാധ്യതയുണ്ട്. കേരളത്തിലെ 77 താലൂക്കുകളില് 21 താലൂക്കുകള് അതീവ ദുരന്ത സാധ്യതയുള്ളതും 35 താലൂക്കുകള് മിതമായ ദുരന്ത സാധ്യതയുള്ളതുമായ പ്രദേ ശങ്ങളായി കണ്ടെത്തിയിട്ടുണ്ട് കേരളത്തിന്റെ ഭൂരിപക്ഷ പ്രദേശവും ദുരന്തങ്ങളുടെ പരിധിക്കുള്ളില് വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. തുടര്ച്ചയായ പ്രളയങ്ങള് കേരളത്തിന്റെ ദുരന്ത പ്രതിരോധ പ്രവര്ത്തനങ്ങള് കൂടുതല് സമഗ്രവും കാര്യക്ഷമവും സാമൂഹ്യ കേന്ദ്രീകൃതവുമാകേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നു. ദുരന്ത ലഘൂ കരണം പ്രാദേശികമായ ആസൂത്രണത്തിന്റെ ഭാഗമായി കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. കേരളത്തിന്റെ സവിശേഷമായ സാമൂഹ്യഘടനയും പങ്കാളിത്ത ആസൂത്രണത്തിലെ ദീര്ഘകാല പരിചയവും ദുരന്ത അതിജീവനക്ഷമതയും ദുരന്ത പ്രതിരോധവും തീര്ക്കുന്നതിനുള്ള പദ്ധതികളും പരിപാടികളും രൂപപ്പെടുത്താന് സഹായകമാണ്. പ്രാദേശിക ഭൂവിനിയോഗ - പശ്ചാത്തല വികസന പ്രവര്ത്തനങ്ങളെ ദുരന്ത അതിജീവനത്തിനും പ്രതിരോധത്തിനും ഉതകുന്ന തരത്തിലേക്ക് മാറ്റേണ്ടതുണ്ട്. ഇതിന് ജനങ്ങളുടെ അറിവും അനുഭവവും പങ്കാളിത്തവും പ്രയോജനപ്പെടുത്താന് കേരളത്തിന് നിഷ്പ്രയാസം സാധിക്കും.
ദുരന്ത നിവാരണ സംവിധാനങ്ങള്
ദുരന്ത നിവാരണ പ്രവര്ത്തനങ്ങളില് മാര്ഗ്ഗനിര്ദേശമാകുന്നത് ദേശീയ ദുരന്ത നിവാരണ നിയമമാണ്. ഇതിന്റെ അടിസ്ഥാനത്തില് ദേശീയ തലത്തില് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന തലത്തില് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ തലത്തില് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആണു ള്ളത്. സംസ്ഥാന തലത്തില് മുഖ്യമന്ത്രി അധ്യക്ഷനായുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് പ്രവര്ത്തന ങ്ങള്ക്ക് നേതൃത്വം നല്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ പദ്ധതി രൂപീകരിക്കുന്നതും ഇവര് തന്നെ. ജില്ലാ തലത്തില് കളക്ടര് ചെയര്മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോ-ചെയര്മാനുമായുള്ള ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ജില്ലയിലെ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുക. അവരുടെ നേതൃത്വത്തില് ജില്ലാ ദുരന്ത നിവാരണ പ്ലാനും തയ്യാറാക്കും. കേന്ദ്ര നിയമത്തിന്റെയും നിര്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പ്രവര്ത്തനങ്ങളെല്ലാം സംഘടിപ്പിക്കുന്നത്. ദുരന്ത ഘട്ടത്തില് പലപ്പോഴും യുദ്ധസമാനമായ പ്രവര്ത്തനങ്ങളാണ് സംഘടിപ്പിക്കേണ്ടത് എന്നതിനാല് ആ രീതിയിലുള്ള സംവിധാനവും മാര്ഗ്ഗനിര്ദേശങ്ങളും ആണ് അനുവര്ത്തിക്കുന്നത്. സ്വാഭാവികമായും ഇവയെല്ലാം ഉദ്യോഗസ്ഥ കേന്ദ്രീകൃതമാണ്. എന്നാല് ഈ സംവിധാനം കൊണ്ട് മാത്രമായി താഴെ തട്ടില് പ്രവര്ത്തനങ്ങള് സംഘടിപ്പിക്കുവാന് കഴിയില്ല എന്നത് കഴിഞ്ഞ രണ്ടു വര്ഷങ്ങളിലെ അനുഭവങ്ങള് തെളിയിക്കുന്നുണ്ട്. ജനകീയ പങ്കാളിത്തത്തിലൂന്നിയ പ്രവര്ത്തനങ്ങള് ആവശ്യമാണ്. അത് സാധ്യമാവും എന്നും കേരളം തെളിയിച്ചിട്ടുണ്ട്. ദുരന്ത വേളയിലെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് ഏറ്റെടുത്തു നടത്തിയ പ്രവര്ത്തനങ്ങള് എടുത്തു പറയേണ്ടതാണ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാതല ദുരന്ത നിവാരണ പ്ലാനും വരെയേ കേന്ദ്ര നിയമം നിഷ്കര്ഷിക്കുന്നുള്ളൂ. അതിനും താഴെ ഗ്രാമ തലത്തില് പ്രവര്ത്തനങ്ങള് സംഘടിപ്പിക്കേണ്ടതുണ്ട് എന്ന് നിര്ദ്ദേശിച്ചിട്ടുണ്ട്. റവന്യൂ വില്ലേജ് എന്ന് ഇതിന് അര്ത്ഥമില്ല. ഇതര സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള് എന്ന നിലയിലാണിത്. മാത്രവുമല്ല, തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില് ഇത്തരം പ്രവര്ത്തനങ്ങള് ആവിഷ്കരിക്കേണ്ടതാണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ശക്തമായ തദ്ദേശഭരണ സംവിധാനം ഉള്ള കേരളത്തില് ഇത് ഏറെ പ്രായോഗികവുമാണ്. കേരളത്തിന്റെ സാഹചര്യത്തിലും 73-74 ഭരണഘടനാ ഭേദഗതികളുടെ സാഹചര്യത്തിലും ജനകീയാസൂത്രണത്തിന്റെ പശ്ചാത്തലത്തിലും വിഷയങ്ങളും സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിനാലും അതിനു നേതൃത്വം കൊടുക്കുവാന് കഴിയുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കാണ്. ജന പങ്കാളിത്തത്തോടെ വേണം ഇത് സംഘടിപ്പിക്കുവാന് എന്നതും പ്രധാനമാണ്. നിലവിലെ കേന്ദ്ര ദുരന്ത നിവാരണ നിയമങ്ങളും മാര്ഗ്ഗനിര്ദ്ദേശങ്ങളും ഇതിനു സാധൂകരണം നല്കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളും ദുരന്ത നിവാരണവും
ദുരന്ത കാലഘട്ടത്തില് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് നല്കിയ നേതൃത്വപരമായ പ്രവര്ത്തനം മാതൃകാപരമാണ്. രക്ഷാപ്രവര്ത്തനം, ദുരിതാശ്വാസ പ്രവര്ത്തനങ്ങള്, താല്ക്കാലിക പുനരധിവാസ പ്രവര്ത്തനങ്ങള്, ശുചീകരണം തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും ജനങ്ങളെയാകെ സംഘടിപ്പിച്ച് ജനജീവിതം സാധാരണ ഗതിയില് പുനഃസ്ഥാപിക്കാന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് മുഖ്യ പങ്ക് വഹിച്ചു. കില തയ്യാറാക്കിയ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ അനുഭവ കുറിപ്പുകളി ല്നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത കാലഘട്ടത്തിലെ ഇടപെടലുകളുടെ ആഴവും പരപ്പും നന്നായി മനസ്സിലാക്കാന് കഴിയും. ഈ അനുഭവങ്ങളെ ക്രിയാത്മകമായ തുടര് ഇടപെടലിന് പ്രയോജനപ്പെടുത്താന് നമുക്ക് സാധിക്കണം. കേരളത്തില് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് പ്രാദേശിക വികസനത്തിനായി കഴിഞ്ഞ 20 വര്ഷത്തിലേറെ കാലം കൊണ്ട് സൃഷ്ടിച്ച പൊതുആസ്തികള് ദുരന്തങ്ങള്വഴി നഷ്ടപ്പെട്ടു. അത് തിരിച്ചുപിടിക്കുന്നതിനും ദുരന്ത പ്രതിരോധ ശേഷിയുള്ള വികസന രീതി പ്രാദേശിക വികസന പരിപാടികളില് ഉള്ച്ചേര്ക്കുന്നതിനും കഴിയുന്ന തരത്തില് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനാസൂത്രണത്തെ രൂപപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയില് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില് സാമൂഹ്യകേന്ദ്രീകൃതമായ ദുരന്ത പ്രതിരോധ അതിജീവന സംവിധാനം രൂപപ്പെടുത്താന് കഴിയുന്ന സംസ്ഥാനവും കേരളമാണ്. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക ആസൂത്രണ-വികസനത്തിലെ അനുഭവ സമ്പത്ത് ഇതിന് സഹായകമാണ്. അങ്ങനെ ഇന്ത്യക്കായി മറ്റൊരു മാതൃക സൃഷ്ടിക്കാനും കേരളത്തിനാകും. പ്രത്യേകിച്ചും എല്ലാം കേന്ദ്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ദേശീയ സാഹചര്യത്തില് അത്തരമൊരു മാതൃക ചൂണ്ടിക്കാട്ടേണ്ടതുണ്ട്.
കാലാവസ്ഥാ വ്യതിയാനവും പ്രകൃതി വിഭവ വിനിയോഗത്തിലെ അശാസ്ത്രീയതകളും കൂടിച്ചേര്ന്നാണ് ഈ ദുരന്ത സാഹചര്യങ്ങളിലേക്ക് നമ്മെക്കൊണ്ടെത്തിച്ചതെന്ന സത്യം നമ്മള് മനസ്സിലാക്കണം. നിലവിലെ വികസന രീതികളിലും ശീലങ്ങളിലും നിയമാവലികളും പുനര്വിചിന്തന ത്തിന് വിധേയമാക്കി പുതിയ സാഹചര്യത്തിനനുസരിച്ച് ശാസ്ത്രവും അനുഭവവും ആസൂത്രണവും ജനപങ്കാളിത്തവും ഒത്തുചേരുന്ന പ്രവര്ത്തനരീതി സ്വീകരിക്കേണ്ടതുണ്ട്. തദ്ദേശസ്ഥാപനതലദുരന്ത നിവാരണ പദ്ധതി
ഈ പശ്ചാത്തലത്തിലാണ് വിപുലമായ ജനപങ്കാളിത്തത്തോടെ കേരള പുനര് നിര്മ്മാണത്തിനുള്ള ജനകീയ പദ്ധതിക്ക് രൂപം നല്കാന് സര്ക്കാര് തീരുമാനിച്ചത്. ഗ്രാമസഭയില് തുടങ്ങി പ്രത്യേക നിയമ സഭാ സമ്മേളനത്തില് അവസാനിക്കുന്നതരത്തിലുള്ള ക്യാമ്പയിനാണ് രൂപം നല്കിയിരിക്കുന്നത്. ‘നമ്മള് നമുക്കായി’എന്ന പേരില് ആവിഷ്കരിച്ചിരിക്കുന്ന ക്യാമ്പയിന്റെ പ്രാദേശിക നേതൃത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കാണ്. പ്രകൃതി ദുരന്തത്തെ അതിജീവിക്കാനും പ്രതിരോധിക്കാനും കഴിയുന്ന തരത്തില് പ്രാദേശിക വികസന പ്രവര്ത്തനങ്ങള് രൂപപ്പെടുത്താനും നിലവിലുള്ള നിയമങ്ങളിലും വികസന ശീലങ്ങളിലും വരുത്തേണ്ട മാറ്റങ്ങള് നിര്ദ്ദേശിക്കാനും ഗ്രാമസഭ/വാര്ഡ്സഭയില് ചര്ച്ചകള് നടക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം പ്രാദേശിക വികസന പദ്ധതികള്ക്ക് രൂപം നല്കേണ്ടത്. ഒപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് ഒരു ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുകയും വേണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രൂപപ്പെടുന്ന പ്രത്യേക പരിശീലനം ലഭിച്ച സാങ്കേതിക സഹായക സംഘം (ലോക്കല് റിസോഴ്സ് ഗ്രൂപ്പ്) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവസ്ഥാവിശകലനം നടത്തുകയും അതിന്റെ അടിസ്ഥാനത്തില് കരട് ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുകയും വേണം. ഇതിനായുള്ള വര്ക്കിംഗ് ഗ്രൂപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപന സ്ടിയറിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില് ഇത് അന്തിമമാക്കണം. മറ്റു വര്ക്കിംഗ് ഗ്രൂപ്പുകള് എല്ലാം അവരവരുടെ മേഖലയില് ഇക്കാര്യങ്ങള് പരിഗണിക്കണം. ഗ്രാമ/വാര്ഡ് സഭകളില് ഇവ ചര്ച്ച ചെയ്യണം. വികസന സെമിനാറിന്റെ നിര്ദ്ദേശങ്ങള്കൂടി ഉള്പ്പെടുത്തിയാണ് ദുരന്ത നിവാരണ പദ്ധതിക്ക് അന്തിമ രൂപം നല്കേണ്ടത്. ഈ റിപ്പോര്ട്ടില് നിന്നും ദുരന്ത പ്രതിരോധത്തിനും അതിജീവനത്തിനും ആവശ്യമായ പ്രോജക്ടുകള് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയില് ഉള്പ്പെടുത്തുന്നതിനുള്ള നടപടികള് ബന്ധപ്പെട്ട വര്ക്കിംഗ് ഗ്രൂപ്പുകള് വഴി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് സ്വീകരിക്കേണ്ടതുണ്ട്. ഇതോടൊപ്പം പ്രസ്തുത ദുരന്ത നിവാരണ പദ്ധതി ജില്ലാ ആസൂത്രണ സമിതി വഴി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില് ദുരന്തനിവാരണ പദ്ധതി തയ്യാറാക്കുന്നതിനുള്ള സര്ക്കാര് ഉത്തരവ് ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. 2020-21 വാര്ഷിക പദ്ധതിയുടെ അധിക മാര്ഗ്ഗ നിര്ദ്ദേശങ്ങളും സമയക്രമവും സംബന്ധിച്ച സര്ക്കാര് ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. ദുരന്തനിവാരണ പദ്ധതിക്കാവശ്യമായ കരടു രൂപരേഖയും വിശദമായ മാര്ഗ്ഗ നിര്ദ്ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ദുരന്ത നിവാരണ പദ്ധതിയും വാര്ഷിക പദ്ധതിയും സംയോജിപ്പിക്കേണ്ടതുണ്ട്. ജനുവരി അവസാനം ചേരുന്ന ഗ്രാമസഭകളില് ഈ കാര്യങ്ങള് ചര്ച്ച ചെയ്യണം. അതിനു ശേഷം ദുരന്ത നിവാരണ പദ്ധതിക്ക് വേണ്ടി മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില് സെമിനാര് സംഘടിപ്പിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനതല ദുരന്തനിവാരണ പദ്ധതിയില് മേല് തട്ട് നിര്ദ്ദേശങ്ങള് ഉണ്ടാകണം. അവ അതാതു തലത്തില് - ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, വിവിധ വകുപ്പുകള്, ജില്ലാ പദ്ധതി, സംസ്ഥാന സര്ക്കാര്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവയെല്ലാം പരിഗണിക്കണം. അങ്ങനെ കേരള പുനര് നിര്മ്മാണത്തിനാവശ്യമായ നിര്ദേശങ്ങള് ഏറ്റവും താഴെ തട്ടില് നിന്ന് തന്നെ രൂപീകരിക്കണം. ഏറ്റവും അവസാനം ജില്ലാതലത്തില് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില് പ്രത്യേകമായി ‘നമ്മള് നമുക്കായി’ സമ്മേളനം സംഘടിപ്പിക്കണം. ഇതിനാവശ്യമായ പരിശീലന പരിപാടികള് കിലയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്ന്ന് സംഘടിപ്പിക്കുകയാണ്. ഏതാണ്ട് രണ്ടര ലക്ഷം പേരെ ചുരുങ്ങിയ സമയം കൊണ്ട് പരിശീലിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്. വിവിധ ഘട്ട പരിശീലനങ്ങള് കഴിഞ്ഞുവെങ്കിലും വേണ്ടത്ര ഗൗരവം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് നല്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. നേരത്തെ അറിയിപ്പ് ഇല്ലാതിരുന്നതിനാലും മറ്റു പരിപാടികള് മൂലവും വേണ്ടത്ര ഗൗരവം താഴെ നല്കാതിരുന്നതിനാലും പല ജില്ലകളിലും പങ്കാളിത്തം കുറവായിരുന്നു. ഇപ്പോള് വ്യത്യാസമുണ്ട്. പങ്കെടുക്കുവാന് കഴിയാതിരുന്നവര്ക്ക് വേണ്ടി വീണ്ടും പരിശീലനം ഏര്പ്പെടുത്തും. ഓരോ തദ്ദേശഭരണ സ്ഥാപനത്തിലും ദുരന്ത നിവാരണ പരിപാടി തയ്യാറാക്കാന് തദ്ദേശസ്വയംഭരണ സ്ഥാപനത്തെ സഹായിക്കാനായി 20 റിസോഴ്സ് പേഴ്സണ്മാരുടെ (ലോക്കല് റിസോഴ്സ് ഗ്രൂപ്പ്)പരിശീലനമാണ് അടുത്ത ഘട്ടം. യുവജനങ്ങള്, ഫീല്ഡ് വര്ക്കില് പരിചയമുള്ളവര്, വിവരശേഖരണം നടത്തി റിപ്പോര്ട്ട് തയ്യാറാക്കി പരിചയമുള്ളവര്, ഈ വിഷയത്തിലും സാമൂഹിക വിഷയത്തിലും അക്കാദമിക പ്രവര്ത്തനം നടത്തുന്നവര് എന്നിവര്ക്കാണ് മുന്ഗണന നല്കേണ്ടത്. യുവജനങ്ങളുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുമാണ്. ഓരോ വാര്ഡില് നിന്നും ഇതു പോലെ 20 പേര് വീതം എന്ന നിലയില് ആയി രിക്കും പരിശീലനം. ഇതെല്ലാം താഴെ തട്ടില് ദുരന്ത നിവാരണ പദ്ധതി രേഖ തയ്യാറാക്കാന് ഉള്ള പ്രവര്ത്തനത്തിന് വേണ്ടി ആണെന്ന ധാരണയോടു വേണം ആളുകളെ തിരഞ്ഞെടുക്കാന്. തുടര്പ്രവ ര്ത്തനങ്ങള് സംഘടിപ്പിക്കുന്നു എന്ന് ഉറപ്പു വരുത്താനാകണം. ഇതിനായി ജില്ലാ ആസൂത്രണ സമിതി നേതൃത്വപരമായ പങ്കു വഹിക്കണം. സമയബന്ധിതമായി പ്രവര്ത്തനങ്ങള് നടക്കുന്നു എന്ന് ഉറപ്പു വരുത്തണം. അതിനാവശ്യമായ സംവിധാനങ്ങളും ചുമതലയും ചിട്ടപ്പെടുത്തണം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള് താഴെ തട്ടില് നിന്നുമുള്ള നിര്ദ്ദേശങ്ങള് പരിഗണിച്ചു വേണം വാര്ഷിക പദ്ധതി തയ്യാറാക്കാന്. സംയോജിത പദ്ധതികള് ആവശ്യമുണ്ടെന്നു കണ്ടെത്തിയാല് ജില്ലാ ആസൂത്രണ സമിതി അതിനു നേതൃത്വപരമായ പങ്കു വഹിക്കണം.
ജനുവരിയില് തന്നെ ഈ പ്രവര്ത്തന ങ്ങളില് ഏറിയ പങ്കും പൂര്ത്തിയാക്കണം. ഇപ്പോഴത്തെ ഭരണസമിതി അടുത്ത വര്ഷം ഒക്ടോബറില് കാലാവധി പൂര്ത്തിയാക്കുകയാണ്. ഈ ഭരണസമിതിക്ക് പദ്ധതി ആസൂത്രണത്തിനും നിര്വ്വഹണത്തിനും ലഭിക്കുന്ന പൂര്ണ്ണവര്ഷമാണ് കടന്നു പോകുന്നത്. പദ്ധതിച്ചെലവ് മെച്ചപ്പെടുത്തുന്നതോടൊപ്പം ഏറ്റവും മികച്ച പദ്ധതി നിര്വ്വഹണ രീതി ശേഷിക്കുന്ന മാസങ്ങളില് കാഴ്ചവയ്ക്കണം. 2019-20ലെ പദ്ധതി ആസൂത്രണ നടപടിക്രമങ്ങള് ആരംഭിക്കുന്നതിന്റെ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ആസൂത്രണ നടപടിക്രമങ്ങള് ഡിസംബര് 7-ന് ആരംഭിച്ച് മാര്ച്ച് 5-ന് ജില്ലാ ആസൂത്രണസമിതിക്ക് വാര്ഷിക പദ്ധതി സമര്പ്പിക്കുന്ന രീതിയിലുള്ള ഒരു കലണ്ടര് ആണ് തയ്യാറാക്കിയിരിക്കുന്നത്. കലണ്ടര് പ്രകാരം പദ്ധതി ആസൂത്രണത്തിന്റെ ഓരോ ഘട്ടവും പൂര്ത്തിയാക്കണം.
ഞാനാദ്യമേ സൂചിപ്പിച്ചിരുന്നു കേരളം കണ്ട മഹാപ്രളയത്തില് നിന്നും നാം കരകയറാനുള്ള ശ്രമത്തിലാണെന്ന്. വിവിധ വകുപ്പുകള് മുഖേന സര്ക്കാര് പദ്ധതികള് നടപ്പാക്കുന്നുണ്ട്. ഇവയിലെല്ലാം ഇടപെടുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്ക്ക് പരിമിതികളുണ്ടെന്നറിയാം. പ്രളയക്കെടു തിയെ അതിജീവിക്കുന്ന പദ്ധതികള്ക്ക് മുന്ഗണന നല്കി വേണം വാര്ഷിക പദ്ധതിയില് ഭേദഗതി വരുത്തേണ്ടത്. നശിച്ചുപോയ ആസ്തികള് പുനസൃഷ്ടിക്കുന്നതിന് മുന്ഗണന നല്കുന്നതോടൊപ്പം ജീവനോപാധികളും സൃഷ്ടിക്കണം. പ്രളയത്തില് കൊടിയ നാശം സംഭവിച്ച തദ്ദേശഭരണ സ്ഥാപനങ്ങള്ക്ക് 250 കോടി പ്രത്യേകമായി നല്കുന്നുണ്ട്. ഈ തുകയും അടുത്ത മാര്ച്ച് 31-നകം ചെലവഴിക്കത്തക്ക രീതിയില് ഉപയോഗിക്കാന് കഴിയണം.
പ്രാദേശിക റോഡുകളുടെ പുനരുദ്ധാരണത്തിന് 961 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്ന് അനുവദിച്ചിട്ടുണ്ട്. “മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതി” പ്രകാരം ഓരോ ജില്ലയ്ക്കും തുക അനുവദിച്ചിട്ടുണ്ട്. റോഡ് പ്രവൃത്തിയുടെ മേല്നോട്ടത്തിന് ഇതിനായി പ്രാദേശിക തലത്തില് സമിതി രൂപീകരിക്കാവുന്ന താണ്. ഇതു കൂടാതെ ജില്ലാതലത്തില് അതത് തദ്ദേശഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്മാരെ ഉള്പ്പെടുത്തി ഇതിനായി സാങ്കേതിക സമിതിയും രൂപീകരിക്കാന് ഉദ്ദേശിക്കുന്നുണ്ട്.
ഇതു കൂടാതെ ഉരുള്പൊട്ടലും മണ്ണിടിച്ചിലും മൂലം സാരമായി കേടുപാടുകള് സംഭവിച്ച പ്രദേശങ്ങളെ സഹായിക്കാന് 37.50 കോടി രൂപ സര്ക്കാര് മാറ്റി വച്ചിട്ടുണ്ട്. മണ്ണിടിച്ചില് ഉണ്ടായ തദ്ദേശഭരണ സ്ഥാപനങ്ങള് ഇതിന്റെ പ്രൊപ്പോസല് തരുന്ന മുറയ്ക്ക് മുന്ഗണനാക്രമത്തില് തുക അനുവദിക്കുന്നതാണ്. ഇത് ഇടുക്കി ജില്ലയ്ക്ക് പ്രയോജനപ്പെടുമെന്ന കാര്യത്തില് സംശയമില്ല.
ഇതിനുമപ്പുറമാണ് റീബില്ഡ് കേരള ഇനിഷിയേറ്റീവിന്റെ ഭാഗമായ പ്രാദേശിക പദ്ധതികളും. കേരള പുനര് നിര്മ്മാണ വികസന പദ്ധതിയില് ഏറെ നിര്ണ്ണായകമാണ് നമ്മള് നമുക്കായി ക്യാമ്പയിന്. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട പ്രവര്ത്തനമാണ് ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കലും അവ വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തലും മേല് തട്ട് നിര്ദ്ദേശങ്ങള് സമര്പ്പിക്കലും. ആ ഗൗരവം കണക്കിലെടുത്ത് പ്രവര്ത്തനങ്ങള് മുമ്പോട്ടു നയിക്കേണ്ടതുണ്ട്.
- 924 views