എസ്.വി.ഇ.പി; റാങ്കിങ്ങില്‍ ഇടുക്കിക്ക് ഒന്നാം സ്ഥാനം

Posted on Thursday, August 20, 2020

കുടുംബശ്രീ വഴി നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയ ബ്ലോക്കുകളില്‍ ഇടുക്കി ജില്ലയിലെ ഇടുക്കി ബ്ലോക്കിന് ഒന്നാം സ്ഥാനം. കേരളത്തിലെ തെരഞ്ഞെടുത്ത 14 ബ്ലോക്കുകളില്‍, ആ പ്രദേശത്തെ വിഭവങ്ങള്‍ പരമാവധി ഉപയോഗിച്ച് കൊണ്ട് ആ പ്രദേശത്ത് ആവശ്യമുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണ് എസ്‌വിഇപി. സംരംഭങ്ങളുടെ രൂപീകരണ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണം, സംരംഭങ്ങള്‍ക്ക് നിയമസാധുതയുണ്ടാക്കല്‍, അരക്ഷിത സമൂഹത്തിന്റെ ഉള്‍പ്പെടുത്തല്‍, സോഫട്‌വെയര്‍ അപ്‌ഡേഷന്‍ തുടങ്ങീ പത്തോളം ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലകളെ വിലയിരുത്തിയത്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കോട്ടയം ജില്ലയിലെ വൈക്കം, കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, എറണാകുളം ജില്ലയിലെ വടവുകോട് എന്നീ ബ്ലോക്കുകളാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനത്ത്.

   2017ല്‍ കേരളത്തില്‍ 14 ബ്ലോക്കുകളിലും ആരംഭിച്ച ഈ പദ്ധതിയിലൂടെ നാല് വര്‍ഷം കൊണ്ട് 26,034 സംരംഭങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടത്. എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത എല്ലാ ബ്ലോക്കുകളിലും ബ്ലോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്റര്‍പ്രൈസ് പ്രൊമോഷന്‍ (ബി.എന്‍.എസ്.ഇ.പി.) തുടങ്ങുകയും കുടുംബശ്രീയില്‍ നിന്നുള്ള മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി.) തിരഞ്ഞെടുക്കുകയും ചെയ്തു. ബ്ലോക്കിലെ സി.ഡി.എസ്സ്. ഭരണസമിതികളിലെ സി.ഡി.എസ്സ് ചെയപേഴ്സണമാര്‍, എം.ഇ ഉപസമിതി കണ്‍വീനര്‍മാര്‍ എന്നിവരാണ് ബി.എന്‍.എസ്.ഇ.പി യുടെ ഭരണസമിതി. ഇപ്രകാരമുള്ള ബി.എന്‍.എസ്.ഇ.പി ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എം.ഇ.സി മാരുടെ പിന്തുണയോടെയാണ് സംരംഭങ്ങള്‍  തുടങ്ങാന്‍ താത്പര്യമുള്ളവരെ കണ്ടെത്തുന്നതും പരിശീലനം നല്‍കുന്നതും ആവശ്യമുള്ള കൈത്താങ്ങ് നല്‍കുന്നതും. പദ്ധതി ആരംഭിച്ച് 2 വര്‍ഷം പിന്നിടുമ്പോള്‍ 11,212 സംരംഭങ്ങളാണ് കേരളത്തിലെ 14 ബ്ലോക്കുകളിലായി ഇതുവരെ ആരംഭിച്ചിട്ടുള്ളത്.

 

Content highlight
2017ല്‍ കേരളത്തില്‍ 14 ബ്ലോക്കുകളിലും ആരംഭിച്ച ഈ പദ്ധതിയിലൂടെ നാല് വര്‍ഷം കൊണ്ട് 26,034 സംരംഭങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടത്