Onam

Posted on Saturday, September 7, 2019
onam

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 'എറൈസ്' മള്‍ട്ടി ടാസ്ക് ടീമുകള്‍

Posted on Sunday, August 18, 2019

വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍  കുടുംബശ്രീയുടെഎറൈസ് ടീമിനെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : കാലവര്‍ഷക്കെടുതി മൂലം നാശനഷ്ടങ്ങളുണ്ടായ വീടുകള്‍ വാസയോഗ്യ മാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ 'എറൈസ്' മള്‍ട്ടി ടാസ്ക് ടീമുകള്‍ സജീവമാകുന്നു. 2018ലെ പ്രളയത്തിന് ശേഷം ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നത് ലക്ഷ്യമിട്ടാണ് കുടുംബശ്രീ എറൈസ് (അഞകടഋ അരൂൗശൃശിഴ ഞലശെഹശലിരല മിറ കറലിശേ്യേ വേൃീൗഴവ ടൗമെേശിമയഹല ഋാുഹീ്യാലിേ) എന്ന പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. ഏറ്റവും കൂടുതല്‍ തൊഴില്‍സാധ്യതയുണ്ടെന്ന് സര്‍വ്വേ മുഖേന കണ്ടെത്തിയ പ്ലംബിങ്, ഇലക്ട്രോണിക്സ് റിപ്പയറിങ്,  ഇലക്ട്രിക്കല്‍, ഡേ കെയര്‍, ഹൗസ് കീപ്പിങ് എന്നീ മേഖലകളില്‍ പരിശീലനം നല്‍കി മള്‍ട്ടി ടാസ്ക് ടീമുകള്‍ രൂപീകരിക്കുകയാണ് എറൈസ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതില്‍ പ്ലംബിങ്, ഇലക്ട്രോണിക്സ് റിപ്പയറിങ്, ഇലക്ട്രിക്കല്‍ മേഖലകളില്‍ പരിശീലനം നേടിയവരെ ഉള്‍പ്പെടുത്തി 60 പഞ്ചായത്തുകളി ലായി 90 മള്‍ട്ടി ടാസ്ക് ടീമുകള്‍ ഇതുവരെ രൂപീകരിച്ചു. ഈ ടീമുകളാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോലികള്‍ ചെയ്തു വരുന്നത്. ഓഗസ്റ്റ് 15 വരെയുള്ള കണക്കു കള്‍ അനുസരിച്ച് കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ എട്ട് ജില്ലകളിലായി 21 ടീമുകള്‍ 78 വീടുകള്‍/പൊതു ഓഫീ സുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്തുകഴിഞ്ഞു. കേടുപാടുകള്‍ സംഭവിച്ച സ്വിച്ച് ബോര്‍ഡ്, മോട്ടോര്‍, ഫ്രിഡ്ജും വാഷിങ് മെഷീനുമടക്കമുള്ള വീട്ടുപകരണങ്ങള്‍, വയ റിങ്...തുടങ്ങിയവയുടെ അറ്റകുറ്റപ്പണികളാണ് ചെയ്തുവരുന്നത്.  

  അറ്റകുറ്റപ്പണികള്‍ക്കായി എറൈസ് ടീമുകളെ ഉപയോഗിക്കാമെന്ന ഉത്തരവ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കിയിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രത്യേക അഭ്യര്‍ത്ഥന അനുസരിച്ചാണ് ഈ ഉത്തരവുണ്ടായത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍, ശ്രീകണ്ഠപരം, ചെങ്ങളായ്, വയനാട് ജില്ലയിലെ പുല്‍പ്പള്ളി, തിരുനെല്ലി, മലപ്പുറം ജില്ലയിലെ പുളിക്കല്‍, ആലിപ്പറമ്പ്, പാലക്കാട് ജില്ലയിലെ കരിമ്പ, പറളി, കോഴി ക്കോട്ടെ ഒളവന, കോട്ടയത്തെ അയര്‍ക്കുന്നം, മണിമല, എറണാകുളത്തെ വാളകം, മൂവാറ്റുപുഴ, ആലപ്പുഴ നോര്‍ത്ത് പുന്നപ്ര എന്നിവിടങ്ങളിലാണ് എറൈസ് ടീമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഓരോ പഞ്ചായത്തിലും അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ടീമുകളുടെ ലിസ്റ്റ് ജില്ലാമിഷന്‍ തയാറാക്കുകയും അത് ജില്ലാ കളക്ടര്‍ക്കും പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും കൈമാറുന്നു. ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ വഴി ഓരോ പഞ്ചായത്തിലും അറ്റകുറ്റപ്പണികള്‍ നടത്തേണ്ട വീടുകളുടെ പട്ടിക തയാറാക്കി അതനുസരിച്ചാണ് ടീം പ്രവര്‍ത്തനം നടത്തുന്നത്.

 ഒക്ടോബറില്‍ നടത്തിയ സര്‍വ്വേയ്ക്ക് ശേഷം 2018 ഡിസംബര്‍ മുതലാണ് എറൈസ് പരിശീലന പദ്ധതി ആരംഭിച്ചത്. വിവിധ തൊഴില്‍ മേഖലകളില്‍ കുടുംബശ്രീ എംപാനല്‍ ചെയ്ത 35 ഏജന്‍സികള്‍ വഴിയാണ് ഓരോ ജില്ലയിലും പരിശീലനം നല്‍കി വരുന്നത്. ഇലക്ട്രോണിക്സ് റിപ്പയറിങ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, പ്ലംബിങ് മേഖലകളില്‍ പരിശീലനം നേടിയവരെ ചേര്‍ത്ത് തയാറാക്കിയ മള്‍ട്ടി ടാസ്ക്ക് ടീമുകളുടെ സംസ്ഥാനതല സംഗമം ജൂലൈയില്‍ സംഘടിപ്പി ച്ചിരുന്നു. ചടങ്ങില്‍ ഇവര്‍ക്ക് പ്രത്യേക യൂണിഫോമും നല്‍കി. എറൈസ് ടെക്നീഷ്യന്‍ എന്ന പേരിലാണ് ടീം അംഗങ്ങള്‍ അറിയപ്പെടുന്നത്. ഭാവിയില്‍ ഇവര്‍ക്ക് റിപ്പയറിങ്ങിനുള്ള ടൂള്‍ കിറ്റും വാഹനം വാങ്ങാന്‍ പലിശ സബ്സിഡിയും നല്‍കാനും കുടുംബശ്രീ ലക്ഷ്യമിടുന്നു. കൂടുതല്‍ തൊഴില്‍ വൈദഗ്ധ്യം നേടുന്നതിനായി 400 മണിക്കൂറുള്ള തുടര്‍ പരിശീലനം നല്‍കുകയും ചെയ്യും. 22 ഗവണ്‍മെന്‍റ് ഐടിഐകളുമായി ഇതിന് കുടുംബശ്രീ ധാരണയി ലുമെത്തിയിട്ടുണ്ട്. ടീം അംഗങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കാനും ഈ വര്‍ഷം ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴില്‍ ഒരു മള്‍ട്ടി ടാസ്ക് ടീമെങ്കിലും രൂപീകരിക്കുകയും ചെയ്യാ നാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

 

Content highlight
ഓഗസ്റ്റ് 15 വരെയുള്ള കണക്കു കള്‍ അനുസരിച്ച് കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ എട്ട് ജില്ലകളിലായി 21 ടീമുകള്‍ 78 വീടുകള്‍/പൊതു ഓഫീ സുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്തുകഴിഞ്ഞു

കാരുണ്യം കവിഞ്ഞൊഴുകുമ്പോള്‍

Posted on Sunday, August 18, 2019

കാലവര്‍ഷക്കെടുതി നാടൊട്ടുക്കും ദുരിതം വിതയ്ക്കുമ്പോള്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക സൃഷ്ടിച്ച് മുന്നേറുകയാണ് കുടുംബശ്രീ. ദുരന്തബാധയുണ്ടായ അന്ന് മുതല്‍ സഹജീവികള്‍ക്കായി അക്ഷീണ പ്രവര്‍ത്തനങ്ങളാണ് അയല്‍ക്കൂട്ട വനിതകളും കുടുംബശ്രീ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ചെയ്തുവരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കളെത്തിച്ചും അവിടെ പ്രളയബാധിതര്‍ക്ക് കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കിയും കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം പാകം ചെയ്ത് നല്‍കിയും അവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. സ്വന്തം വീടുകളിലേക്ക് തിരികെയെത്തുന്നവര്‍ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സഹായ ഹസ്തമേകാനും കുടുംബശ്രീ മുന്‍പന്തിയിലാണ്.

കണ്ണൂര്‍
സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നത്. 13500 രൂപയുടെ ബെഡ്ഷീറ്റും തുണികളുമാണ് ചിറക്കല്‍ സിഡിഎസ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ച് നല്‍കിയത്. ജില്ലയിലെ സ്‌നേഹിത കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ച് ക്യാമ്പുകളില്‍ വിതരണം ചെയ്തു. അഞ്ചരക്കണ്ടി സിഡിഎസ് 13600 രൂപയുടെയും കോട്ടയം സിഡിഎസ് 15325 രൂപയുടെയും വസ്ത്രങ്ങളാണ് വാങ്ങി നല്‍കിയത്. 24219 രൂപ വിലമതിക്കുന്ന വസ്ത്രങ്ങളും ശുചീകരണ ഉപകരണങ്ങളുമാണ് കടമ്പൂര്‍ സിഡിഎസ് നല്‍കിയത്. ആന്തൂര്‍, ഇരിട്ടി എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. സാന്ത്വനം വോളന്റിയര്‍മാരും സജീവമായി പ്രവര്‍ത്തിക്കുന്നു.  


കോഴിക്കോട്
ഓഗസ്റ്റ് 11 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ജില്ലയില്‍ 318 ദുരിതാശ്വാസ ക്യാമ്പുകളിലായി 60000 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. 284 ക്യാമ്പുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം ഏറ്റെടുത്തു കഴിഞ്ഞു. ഇത് വഴി 51360 പേര്‍ക്ക് ഭക്ഷണം നല്‍കി. 2725 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും 360 കിലോഗ്രാം പച്ചക്കറിയും 6000 ജോടി തുണിത്തരങ്ങളും ബെഡ്ഷീറ്റുകളും ചവിട്ടിയും 1600 പാക്കറ്റ് സാനിറ്ററി നാപ്കിനും വിതരണം ചെയ്തു. 48 ക്യാമ്പുകളിലായി 10681 പേര്‍ക്ക് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ സേവനം നല്‍കി. അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളില്‍ 1747 കുടുംബങ്ങള്‍ക്ക് താമസമൊരുക്കി. 1079 ഇടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നല്‍കി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ശുചീകരണത്തിനായി ഓരോ സിഡിഎസില്‍ നിന്നും 200 പേരെ തെരഞ്ഞെടുത്തു.

മലപ്പുറം
കാലവര്‍ഷക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലകളിലൊന്നാണ് മലപ്പുറം. 204 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. കുടുംബശ്രീയുടെ 65 സിഡിഎസുകളിലും പ്രളയബാധയുണ്ടായി. ഓരോ സിഡിഎസിലും കുറഞ്ഞത് 9 ദുരിതാശ്വാസ ക്യാമ്പുകള്‍ വീതം പ്രവര്‍ത്തിക്കുന്നു. പരമാവധി ക്യാമ്പുകളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം കുടുംബശ്രീ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. സ്‌നേഹിത സെന്ററില്‍ വെള്ളം കയറിയത് മൂലം പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ജെന്‍ഡര്‍ ടീം അംഗങ്ങളും റിസോഴ്‌സ് പേഴ്‌സണ്‍മാരുമെല്ലാം തങ്ങളാലാവും വിധമുള്ള സഹായങ്ങള്‍ നല്‍കുന്നു. ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയിലടക്കമുള്ളിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് സന്നദ്ധ പ്രവര്‍ത്തകരെയും തെരഞ്ഞെടുത്തു കഴിഞ്ഞു.

പാലക്കാട്
ഓഗസ്റ്റ് 13 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ജില്ലയില്‍ 81 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 3765 വനിതകളും 2843 പുരുഷന്മാരും ഈ ക്യാമ്പുകളിലുണ്ട്. 26 കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇവിടെ കുടുംബശ്രീ ഏറ്റെടുത്ത് നടക്കുന്നു. ഇതുവഴി 3098 പേര്‍ക്ക് ആഹാരം നല്‍കി. 200 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ കുടുംബശ്രീ മുഖേന എത്തിച്ചു നല്‍കി. 570 ജോടി വസ്ത്രങ്ങളും 155 പാക്കറ്റ് സാനിട്ടറി നാപ്കിനുകളും വിതരണം ചെയ്തു. 925 പേര്‍ക്ക് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് സേവനങ്ങളും നല്‍കി. സാന്ത്വനം വോളന്റിയര്‍മാര്‍ മുഖേന 1253 പേരുടെ ആരോഗ്യ പരിശോധനയും അനുബന്ധ സേവനങ്ങളും നല്‍കി. അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളില്‍ 35 കുടുംബങ്ങള്‍ക്ക് താത്ക്കാലിക താമസവും ജില്ലയില്‍ ഒരുക്കി നല്‍കി. 1457 കുടുംബശ്രീ സന്നദ്ധ പ്രവര്‍ത്തകര്‍ ജില്ലയിലാകെ പ്രവര്‍ത്തിക്കുന്നു. ഇതുവരെ 916 വീടുകളും 18 പൊതു നിരത്തുകളും വൃത്തിയാക്കി കഴിഞ്ഞു. അട്ടപ്പാടിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ 13 ടീമുകളാണ് ഏകോപിപ്പിക്കുന്നത്.

എറണാകുളം
ഓഗസ്റ്റ് 12 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 69 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 4673 സ്ത്രീകളും 4245 പുരുഷന്മാരും ക്യാമ്പുകളിലുണ്ട്. 25 കമ്മ്യൂണിറ്റി കിച്ചണുകള്‍ കുടുംബശ്രീ പ്രവര്‍ത്തിക്കുന്നു, ഇതുവഴി 6393 പേര്‍ക്ക് ആഹാരവും നല്‍കി വരുന്നു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ വഴി 283 പേര്‍ക്ക് കൗണ്‍സിലിങ് സേവനങ്ങളും സാന്ത്വനം വോളന്റിയര്‍മാര്‍ വഴി 152 പേര്‍ക്ക് അനുബന്ധ സേവനങ്ങളും നല്‍കി. 20 കുടുംബങ്ങള്‍ക്ക് അയല്‍ക്കൂട്ട അംഗങ്ങളുടെ വീടുകളില്‍ താമസ സൗകര്യം ഒരുക്കി നല്‍കി. 206 സന്നദ്ധ സേവകര്‍ സജീവമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.


ആലപ്പുഴ
ഓഗസ്റ്റ് 12 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 40 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു. 3025 സ്ത്രീകളും 2589 പുരുഷന്മാരുമുണ്ട്. 30 കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം കുടുംബശ്രീയാണ് നടത്തുന്നത്. 4000 പേര്‍ക്ക് ഭക്ഷണവും നല്‍കുന്നു. 775 പേര്‍ക്ക് കൗണ്‍സിലിങ് സേവനങ്ങളും സാന്ത്വനം വോളന്റിയര്‍മാര്‍ വഴി 100 പേര്‍ക്ക് സേവനങ്ങളും നല്‍കി.

 

Content highlight
സ്വന്തം വീടുകളിലേക്ക് തിരികെയെത്തുന്നവര്‍ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സഹായ ഹസ്തമേകാനും കുടുംബശ്രീ മുന്‍പന്തിയിലാണ്.

കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതി: കര്‍ഷകര്‍ക്ക് 10 ലക്ഷം വരെ ഈടില്ലാതെ വായ്പ നല്‍കാന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി ധാരണ

Posted on Wednesday, August 14, 2019

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന 'കേരള ചിക്കന്‍' പദ്ധതിയുടെ ഭാഗമാ യി പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് പത്ത് ലക്ഷം രൂപ വരെ ഈടില്ലാതെ ബാങ്ക് വായ്പ നല്‍കുന്നതിന് കുടുംബശ്രീയും ബാങ്ക് ഓഫ് ഇന്ത്യയും കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡും (കെബിഎഫ്പിസിഎല്‍) തമ്മില്‍ ത്രികക്ഷി കരാറിലെത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ബാങ്ക് ഓഫ് ഇന്ത്യ കേരള സോണല്‍ മാനേജര്‍ വി. മഹേഷ് കുമാര്‍ കെബിഎഫ്പിസിഎല്‍ സിഇഒയും കുടുംബശ്രീ പ്രോഗ്രാം ഓഫീസറുമായ ഡോ. നികേഷ് കിരണ്‍ എന്നിവര്‍ ചേര്‍ന്ന് കരാറിലൊപ്പുവച്ചു. ഗുണമേന്മയേറിയ ഇറച്ചിക്കോഴി മിതമായ നിരക്കില്‍ കേരളത്തിലെവിടെയും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ 1000 കര്‍ഷകര്‍ക്കാകും വായ്പ നല്‍കുക. പൗള്‍ട്രി ഫാമുകള്‍ ആരംഭിക്കാനോ വിപുലീകരിക്കാനോ ഈ തുക ഉപയോഗിക്കാം. മൂന്ന് ലക്ഷം രൂപ വരെ 9.95% പലിശനിരക്കിലും മൂന്ന് ലക്ഷത്തിന് മുകളില്‍ പത്ത് ലക്ഷം രൂപ വരെ 10.1% പലിശ നിരക്കിലുമാകും വായ്പ നല്‍കുക.

   തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ആധുനിക പൗള്‍ട്രി പ്രോസ സിങ് പ്ലാന്‍റുകളും ബ്രോയിലര്‍ സ്റ്റോക്ക് പേരന്‍റ് ഫാമുകളും ആരംഭിക്കും. തിരുവനന്തപുര ത്തെ മേഖലാ കേന്ദ്രത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളി ലും കേരള ചിക്കന്‍ വിപണന കേന്ദ്രങ്ങളും ആരംഭിക്കും. 1100 പേര്‍ ഇതുവരെ സംരംഭം തുടങ്ങാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. 1000 കോഴികളെ വളര്‍ത്താന്‍ കഴിയുന്ന 5000 കര്‍ഷകരെ ഈ മേഖലയിലേക്ക് എത്തിച്ച് അവരെ മികച്ച സംരംഭകരാക്കി മാറ്റുകയാണ് കുടുംബശ്രീ ലക്ഷ്യമി ടുന്നത്. നിരവധി പേര്‍ക്ക് ഇതുവഴി ഉപജീവന മാര്‍ഗ്ഗം നല്‍കാനും കഴിയും. 150 ഫാമു കളിലായി 1.50 ലക്ഷത്തോളം കോഴിക്കുഞ്ഞുങ്ങളെ പദ്ധതിയുടെ ഭാഗമായി വളര്‍ത്തിത്തുട ങ്ങിക്കഴിഞ്ഞു. സെപ്റ്റംബറോടെ കേരള ചിക്കന്‍ ബ്രാന്‍ഡില്‍ ഇറച്ചിക്കോഴി വിപണിയിലെ ത്തിക്കും. ഉത്പാദനം വര്‍ദ്ധിക്കുന്നതോടെ ക്രമേണ ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ഇറച്ചിക്കോഴിയുടെ ഉപഭോഗം പൂര്‍ണ്ണമായും കുറയ്ക്കാനാകും.

   കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായ ഫാമുകളില്‍ നിന്ന് ഇറച്ചിക്കോഴികളെ വാങ്ങി പ്രോസസ് ചെയ്ത് ഫ്രോസണ്‍ ഇറച്ചിയായി വില്‍ക്കുന്നതിന് കെപ്കോ (കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍)യും മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ(എംപിഐ)യുമായി കുടുംബശ്രീ ധാരണയിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ 55 യൂണിറ്റു കളില്‍ നിന്നാണ് കെപ്കോ ഇറച്ചിക്കോഴികളെ വാങ്ങുക. എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 100 യൂണിറ്റുകളില്‍ നിന്നാണ് എംപിഐ ഇറച്ചിക്കോഴികളെ വാങ്ങുന്നത്.
  ചടങ്ങില്‍ കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ അരുണ്‍ പി. രാജന്‍, അനന്തു മാത്യു ജോര്‍ജ്ജ്, ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം ഏരിയ മാനേജര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സീനിയര്‍ മാനേജര്‍ ആര്‍. രാജേഷ്, കെബിഎഫ്പിസിഎല്‍ മാര്‍ക്കറ്റിങ് മാനേജ ര്‍മാരായ കിരണ്‍ എം സുഗതന്‍, രമ്യ ശ്യാം, ചീഫ് അക്കൗണ്ടന്‍റ് സിറില്‍ കമല്‍, പ്രോസസിങ് മാനേജര്‍ ഡോ. ശില്‍പ്പ ശശി എന്നിവരും പങ്കെടുത്തു.

 

Content highlight
1000 കോഴികളെ വളര്‍ത്താന്‍ കഴിയുന്ന 5000 കര്‍ഷകരെ ഈ മേഖലയിലേക്ക് എത്തിച്ച് അവരെ മികച്ച സംരംഭകരാക്കി മാറ്റുകയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്

'തീരശ്രീ' പദ്ധതിക്ക് തുടക്കം

Posted on Friday, August 2, 2019

സംസ്ഥാനത്തെ 82 തീരദേശ പഞ്ചായത്തുകളിലെ തീരദേശ വാര്‍ഡുകളില്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തി ഈ മേഖലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പൊതു ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ തീരശ്രീ  പദ്ധതിക്ക് ഔദ്യോഗിക തുടക്കം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ കൈപ്പമംഗലം ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. തീരദേശ മേഖലയില്‍ കുടുംബശ്രീ സംഘടനാ സംവിധാനത്തിന്‍റെ സമഗ്രമായ വ്യാപനവും നവീകരണവും ലക്ഷ്യമിട്ടുകൊണ്ട് സാമൂഹ്യവികസനത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുക.

കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ ഇനിയും അംഗമാകാത്ത കുടുംബങ്ങളെ അയല്‍ക്കൂട്ട സംവിധാനത്തില്‍ ഉള്‍പ്പെടുത്തുക, പ്രവര്‍ത്തനരഹിതമായ അയല്‍ക്കൂട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുക, ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്കെങ്കിലും വരുമാനദായക മാര്‍ഗം നല്‍കി കുടുംബത്തിന്‍റെ വരുമാനം വര്‍ധിപ്പിക്കുക, ബാങ്ക് ലിങ്കേജിന് അര്‍ഹതയുള്ള എല്ലാ അയല്‍ക്കൂട്ടങ്ങളെയും ഗ്രേഡ് ചെയ്ത് ലിങ്കേജ് വായ്പ ലഭ്യമാക്കുക, തീരദേശത്തെ  ദരിദ്രരായ യുവതീയുവാക്കള്‍ക്ക് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ഡിഡിയുജികെവൈ മുഖേന തൊഴില്‍ വൈദഗ്ധ്യ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുക എന്നിവയാണ് 'തീരശ്രീ' പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍.  

ജോലിയിലുള്ള അനിശ്ചിതാവസ്ഥ, ക്രമമായ വരുമാനം ലഭിക്കാത്ത സാഹചര്യം, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, സ്ത്രീകളിലും കുട്ടികളിലും കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങള്‍, കുടിവെള്ള ലഭ്യതക്കുറവ്, മത്സ്യബന്ധനവും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളുമൊഴിച്ച് മറ്റ് ഉപജീവന പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവയാണ് തീരദേശവാസികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. സ്ത്രീകളും കുട്ടികളുമാണ് ഇതിന്‍റെ ദുരിതങ്ങള്‍ ഏറെയും സഹിക്കേണ്ടി വരുന്നത്. ഇതുകൂടാതെ ഈ മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന കടബാധ്യത, വിദ്യാഭ്യാസത്തിന്‍റെയും തൊഴില്‍ നൈപുണ്യ പരിശീലനത്തിന്‍റെയും പ്രകടമായ കുറവ്, യുവാക്കള്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ സ്വാധീനം, സമ്പാദ്യ ശീലത്തിന്‍റെ അഭാവം എന്നിവയും ഈ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായ ഇടപെടലുകളിലൂടെ ഈ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് തീരദേശ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് തീരശ്രീ പദ്ധതി വഴി കുടുംബശ്രീ ലക്ഷ്യമിടുന്നത്.

'തീരശ്രീ'പദ്ധതിയുടെ ഭാഗമായി അഞ്ചു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ദരിദ്രരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സഹായകരമാകുന്ന  'പ്രതിഭാതീരം' പരിപാടിയും ഇതോടനുബന്ധിച്ച് നടപ്പാക്കും. അതത് സി.ഡി.എസിന്‍റെയും പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ എല്ലാ ദിവസവും കുട്ടികള്‍ക്കായി സായാഹ്ന ക്ലാസുകള്‍ സംഘടിപ്പിക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ കുട്ടികള്‍, കൗമാര പ്രായക്കാര്‍, യുവതീയുവാക്കള്‍ എന്നിവരുടെ കായിക വികാസത്തിനായി സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെ 'കായികതീരം' പരിപാടിയും നടപ്പാക്കും.

പ്രത്യേകമായി നിയോഗിച്ച തീരദേശ വോളണ്ടിയര്‍മാര്‍ മുഖേനയാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നടപ്പാക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 82 തീരദേശ പഞ്ചായത്തുകളിലെ 702 വാര്‍ഡുകളിലായി 12045 അയല്‍ക്കൂട്ടങ്ങളാണുള്ളത്. 1,81,671 പേര്‍ ഈ അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായിട്ടുണ്ട്. ആകെ 1770 സൂക്ഷ്മസംരംഭങ്ങളും സജീവമാണ്.

Theerashree inaguration2

 

Content highlight
തീരശ്രീ'പദ്ധതിയുടെ ഭാഗമായി അഞ്ചു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ദരിദ്രരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സഹായകരമാകുന്ന 'പ്രതിഭാതീരം' പരിപാടിയും ഇതോടനുബന്ധിച്ച് നടപ്പാക്കും.

സേവന മേഖലയില്‍ മുന്നേറാന്‍ കുടുംബശ്രീ മള്‍ട്ടി ടാസ്ക് ടീമുകള്‍

Posted on Friday, August 2, 2019

*  ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍ നിര്‍മാണതിന് കരുത്തേകാന്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുടുംബശ്രീയുടെ മള്‍ട്ടി ടാസ്ക് ടീമുകള്‍ വരുന്നു. ഇലക്ട്രിക്കല്‍ വര്‍ക്ക്, ഇലക്ട്രോണിക്സ് റിപ്പയറിങ്ങ്, പ്ളമ്പിങ്ങ്, മേസണ്‍റി എന്നീ മേഖലകളിലാണ് കുടുംബശ്രീ മുഖേന പരിശീലനം നേടിയ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന മള്‍ട്ടി ടാസ്ക് ടീമുകളുടെ സേവനം ലഭ്യമാകുക. ഇവരുടെ സംസ്ഥാനതല സംഗമം കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജൂലൈ 26ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു.

നിലവില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ നാല്‍പ്പത്തിരണ്ടിയിരത്തിലധികം പേരാണ് എറൈസ്  പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ പ്ളമ്പിങ്ങ്, ഇലക്ട്രിക്കല്‍  വര്‍ക്ക്, ഇലക്ട്രോണിക്സ് റിപ്പയറിങ്ങില്‍ പരിശീലനം നേടി കഴിഞ്ഞു. ഇവരെ ഉള്‍പ്പെടുത്തി ഇപ്പോള്‍ സംസ്ഥാനത്താകെٹ78 മള്‍ട്ടി ടാസ്ക് ടീമുകളാണ് രൂപീകരിച്ചിട്ടുള്ളത്.  ഇവര്‍ക്ക് പ്രത്യേക യൂണിഫോം നല്‍കി. രജിസ്റ്റര്‍ ചെയ്ത മള്‍ട്ടി ടാസ്ക് ടീമുകള്‍ക്ക് റിപ്പയറിങ്ങിനായി ടൂള്‍കിറ്റും വാഹനം വാങ്ങാന്‍ പലിശ സബ്സിഡിയുമടക്കം വായ്പയും നല്‍കാന്‍ കുടുംബശ്രീ ഉദ്ദേശിക്കുന്നുണ്ട്. തൊഴില്‍ മേഖലയില്‍ കൂടുതല്‍ വൈദഗ്ധ്യം നേടുന്നതിനായി 400 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തുടര്‍പരിശീലനവും അടുത്ത ഘട്ടത്തില്‍ ഇവര്‍ക്കായി കുടുംബശ്രീ ലഭ്യമാക്കും. ഇതിനായി കേരളത്തിലെ 16 ഗവ.ഐ.ടി.ഐ സ്ഥാപനങ്ങളുമായി ധാരണയായിട്ടുണ്ട്.   ഇപ്രകാരം രൂപീകരിക്കുന്ന മള്‍ട്ടി ടാസ്ക് ടീമുകള്‍ക്ക് അക്രഡിറ്റേഷന്‍ ലഭ്യമാക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. കുടുംബശ്രീയുടെ കീഴില്‍ രൂപീകരിക്കുന്ന  മള്‍ട്ടി ടാസ്ക് 'ടീം അംഗങ്ങളെ എറൈസ് ടെക്നീഷ്യന്‍' എന്ന പേരിലാകും അറിയപ്പെടുക. ഈ വര്‍ഷം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടീമെങ്കിലും രൂപീകരിക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം.

പ്രളയത്തിനു ശേഷം കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ ഉപജീവന സര്‍വേയിലൂടെ ഈ മേഖലകളില്‍ കൂടുതല്‍ അവസരങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 50000 പേര്‍ക്ക് പരിശീലനം നല്‍കി സ്വയംതൊഴില്‍ സംരംഭങ്ങള്‍ രൂപീകരിക്കുന്ന എറൈസ് പദ്ധതി കുടുംബശ്രീ ആരംഭിച്ചത്. പ്രളയക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി മെച്ചപ്പെട്ട ഉപജീവന പദ്ധതികളൊരുക്കുന്നതിന്‍റെ ഭാഗമായാണിത്. ആളുകളുടെ ആവശ്യാനുസരണം വീടുകളില്‍ പോയി റിപ്പയര്‍ ചെയ്തു കൊടുത്തുകൊണ്ട് മികച്ച രീതിയിലുള്ള വരുമാനം നേടാന്‍ കഴിയുന്നവരായി മള്‍ട്ടി ടാസ്ക് ടീം അംഗങ്ങളെ സജ്ജമാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.  
   
എറൈസ് സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയിലൂടെ പരമാവധി ആളുകള്‍ക്ക് പരിശീലനം നല്‍കി അവര്‍ക്ക് മികച്ച തൊഴിലും  സുസ്ഥിര വരുമാനവും ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസ് പറഞ്ഞു.ഇതു കൂടാതെ നിര്‍മാണമേഖലയില്‍ ഉണ്ടാകുന്ന തൊഴിലവസരങ്ങളും ഇവര്‍ക്കായി പ്രയോജനപ്പെടുത്താന്‍ പദ്ധതിയുണ്ട്.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ് സ്വാഗതം ആശംസിച്ചു.  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ആമുഖ പ്രഭാഷണം നടത്തി. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഷിബു എന്‍.പി, സുചിത്ര എന്നിവര്‍ ക്ളാസ് നയിച്ചു. ടീം അംഗങ്ങള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ ഈ മേഖലയില്‍ തങ്ങളുടെ അനുഭവങ്ങള്‍പങ്കു വച്ചു. മള്‍ട്ടി ടാസ്ക് ടീമിലെ മുന്നൂറിലേറെ അംഗങ്ങള്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
 

multi task team

 എറൈസ് ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയ മള്‍ട്ടി ടാസ്ക് ടീം അംഗങ്ങള്‍   

 

 

Content highlight
കുടുംബശ്രീയുടെ കീഴില്‍ രൂപീകരിക്കുന്ന മള്‍ട്ടി ടാസ്ക് 'ടീം അംഗങ്ങളെ എറൈസ് ടെക്നീഷ്യന്‍' എന്ന പേരിലാകും അറിയപ്പെടുക

ഫയല്‍ അദാലത്ത് -കോഴിക്കോട്

Posted on Monday, July 29, 2019

കോഴിക്കോട് നഗരസഭയില്‍ വച്ച്  29.07.2019 ന് ബഹു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫയല്‍ അദാലത്ത്  03.08.2019 രാവിലെ 10 മണിയിലേക്ക് മാറ്റി വച്ചിരിക്കുന്നു.

Content highlight
File Adalath-Kozhikode