കുടുംബശ്രീ ദേശീയ സരസ് മേള മലപ്പുറത്ത്: സംഘാടക സമിതി രൂപീകരിച്ചു

Posted on Tuesday, October 27, 2026

കുടുംബശ്രീയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തില്‍ ഡിസംബര്‍ 22 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള 2026-ന്റെ ഭാഗമായി സംഘാടക സമിതി  രൂപീകരണ യോഗം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഒക്ടോബര്‍ 24ന് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുഖ്യരക്ഷാധികാരിയായി ഇരുപത്തിയഞ്ചംഗ സംഘാടക സമിതി രൂപീകരിച്ചു. കൂടാതെ 15 ഉപസമിതികളും രൂപീകരിച്ചു.

സ്ത്രീ സമൂഹത്തിന്റെ അന്തസോട് കൂടിയുള്ള മുന്നേറ്റമാണ് കുടുംബശ്രീയുടെ ഇനിയുള്ള ലക്ഷ്യമെന്നും ഇതിനായി സാമൂഹ്യ പുരോഗതിക്ക് ഉതകും വിധത്തില്‍ അവരുടെ കഴിവുകളെ  ഗുണപരമായി പരിവര്‍ത്തനം ചെയ്യുമെന്നും  മന്ത്രി കെ.എം ഷാജി പറഞ്ഞു. മലപ്പുറം തലപ്പാറ വലിയപറമ്പ് പുല്ലാട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച യോഗത്തില്‍ പി കെ നവാസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി. വിഘ്‌നേശ്വരി ഐ.എ.എസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ലിഷ മോഹന്‍ എം പദ്ധതി  വിശദീകരിച്ചു. 

  ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി പി കെ സി അബ്ദുറഹ്‌മാന്‍, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എന്‍.പി.മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുജീബ് പുളിക്കല്‍, കോട്ടയ്ക്കല്‍ നഗരസഭാധ്യക്ഷന്‍ കെ കെ നാസര്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. കെ അബു താഹിര്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് സി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി ആര്‍ രോഹിത് നാഥ്, അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. അബ്ദുല്‍ നാസര്‍, മലപ്പുറം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സാദിഖ് പി.ഒ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സിദീഖ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹനീഫ മുന്നിയൂര്‍, കെ വി മുഹമ്മദലി, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൂസൈറ മന്‍സൂര്‍, എ ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുസ്തഫ പുളിശ്ശേരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സഫുറ ഇ വി, വേലായുധന്‍, മുനവ്വര്‍ കെ പി, പി കെ അലി അക്ബര്‍ (മുസ്ലിം ലീഗ്), പി എ ചെറിത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ജയകൃഷ്ണന്‍ വി എന്‍ (ബി ജെ പി), എ ആര്‍ നഗര്‍ പഞ്ചായത്ത് സിഡിഎസ് അധ്യക്ഷ ഷെറീന. സി എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു.

  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഡിസംബര്‍ 22 മുതല്‍ 31 വരെയാണ് ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്. 10 ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം ഗ്രാമീണ വനിതാ സംരംഭകര്‍ പങ്കെടുക്കും. ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള പന്തലില്‍ 250 ഉല്‍പ്പന്ന സ്റ്റാളുകളും അന്‍പതോളം വരുന്ന ഭക്ഷ്യ സ്റ്റാളുകളുമാണ് മേളയ്ക്കായി ഒരുക്കുന്നത്. രാജ്യത്തുടനീളമുള്ള ഗ്രാമീണ സംരംഭകരുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍, കരകൗശല-ഭക്ഷ്യ വിഭവങ്ങള്‍, ഫുഡ് കോര്‍ട്ട്, വിവിധ കലാപരിപാടികള്‍, മെഗാഷോകള്‍ തുടങ്ങിയവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുക, മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്   ഉപസമിതികളുടെ ചുമതലകള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Content highlight
kudumbashree SARAS mela at Malappuram