പ്രകൃതിദത്ത ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് ദേശീയ അംഗീകാരം നേടി കുടുംബശ്രീ സംരംഭക

Posted on Tuesday, November 3, 2026

നാടിന്‍റെ തനിമയും പ്രകൃതിയുടെ നന്‍മയും ചേര്‍ത്ത് ബിന്ദുലേഖയൊരുക്കിയ രുചിക്കൂട്ടുകള്‍ക്ക് ദേശീയ വേദിയില്‍ അംഗീകാരം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ സംഘടിപ്പിച്ച ആജീവിക ദേശീയ സരസ് മേളയിലാണ് കുടുംബശ്രീ സംരംഭക ബിന്ദുലേഖ ബെസ്റ്റ് നാച്വറല്‍ ഫുഡ് സ്റ്റാള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സംരംഭകര്‍ പങ്കെടുത്ത ആജീവിക ദേശീയ സരസ് മേളയില്‍ ബിന്ദുലേഖയ്ക്ക് പുരസ്കാരം ലഭിച്ചത് കേരളത്തിന്‍റെയും അഭിമാന നേട്ടമായി.

  'കൃഷ്ണ പിക്കിള്‍സ് ആന്‍ഡ് ഫുഡ് പ്രോഡക്ട്സ്' എന്ന സ്വന്തം സംരംഭത്തിന്‍റെ ഭാഗമായി തയ്യാറാക്കിയ ജിഞ്ചര്‍ പൗഡര്‍, ചായ മസാല, ചട്നി പൗഡര്‍, സാമ്പാര്‍ മസാല, മുളപ്പിച്ച റാഗി, വിവിധയിനം അച്ചാറുകള്‍ തുടങ്ങി ഒട്ടേറെ ഉല്‍പന്നങ്ങളുടെ വൈവിധ്യവും രുചിയും ഗുണനിലവാരവുമാണ് അംഗീകാരം നേടിക്കൊടുത്തത്. എന്‍.ടി.ആര്‍ ജില്ലാ കളക്ടര്‍ ഡോ.ജി.ലക്ഷ്മിഷാ പുരസ്കാരം സമ്മാനിച്ചപ്പോള്‍ അത് ബിന്ദു ലേഖയെന്ന സംരംഭകയുടെ അതിജീവന പോരാട്ടത്തിന് ലഭിച്ച മധുരമായി.

തിരുവനന്തപുരം ആര്യനാട് ശ്രീലക്ഷ്മി അയല്‍ക്കൂട്ട അംഗമാണ് ബിന്ദുലേഖ. കൊറോണക്കാലത്ത് നിലച്ചു പോയ സ്വന്തം ഗാര്‍മെന്‍റ് യൂണിറ്റിന്‍റെ നഷ്ടങ്ങളില്‍ നിന്നും കരകയറാനുള്ള നിരന്തര പരിശ്രമങ്ങളാണ് ഇപ്പോള്‍ ദേശീയ അംഗീകാരത്തിലേക്കെത്തിച്ചത്. ഇത് മൂന്നാം തവണയാണ് ബിന്ദുലേഖ ദേശീയ സരസ് മേളയില്‍ പങ്കെടുക്കുന്നത്.  പുരസ്കാരം ലഭിക്കുന്നത് ആദ്യമാണ്. വ്യക്തിഗത നേട്ടത്തിനപ്പുറം കുടുംബശ്രീയുടെ സംരംഭ മുന്നേറ്റത്തിനുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം.

പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങളെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് മികച്ച വരുമാന മാര്‍ഗം കണ്ടെത്താനാകുമെന്ന് ബിന്ദുലേഖയുടെ നേട്ടം തെളിയിക്കുന്നു. കുടുംബശ്രീക്കൊപ്പം, മിത്ര നികേതന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നു. നിലവില്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, കുടുംബശ്രീ മേളകള്‍ എന്നിവിടങ്ങളിലെല്ലാം തന്‍റെ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചു വരുമാനം നേടുന്നു. പ്രകൃതിദത്ത ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് ഉത്തരേന്ത്യയില്‍ നിന്നു പോലും ധാരാളം ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് ബിന്ദുലേഖ പറയുന്നു. സംരംഭ മേഖലയില്‍ ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്കെത്താനുള്ള പരിശ്രമങ്ങളിലാണ് ഈ കുടുംബശ്രീ വനിത.  

Content highlight
kudumbashree entreprenuer got 2nd best award in Ajeevika SARAS mela at Vijayawada