പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവു കുറയ്ക്കാന്‍ ഫലപ്രദമായ പദ്ധതികള്‍ നടപ്പാക്കിയതിന് കുടുംബശ്രീക്ക് അവാര്‍ഡ്

Posted on Wednesday, June 6, 2018

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനും പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന വൈവിധ്യങ്ങളായ പദ്ധതികളെ മുന്‍നിര്‍ത്തി കുടുംബശ്രീക്ക് അവാര്‍ഡ്. ഹരിതകേരള മിഷനും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പും സംയുക്തമായി കനകക്കുന്ന് പാലസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയില്‍ നിന്നും മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ് സ്വീകരിച്ചു.

സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് മലിനീകരണം തടയുന്നതിനും ഉപയോഗം കുറയ്ക്കുന്നതുമടക്കം പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിതകേരളം മിഷന്‍റെ സഹായത്തോടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍  വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് അവാര്‍ഡ്.  ഇതിനായി മൂന്ന് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ പ്രധാനമായും നടത്തുന്നത്. പ്ലാസ്റ്റിക്കിന് ബദലായുള്ള ഉല്‍പന്നങ്ങളുടെ നിര്‍മാണം, പുനരുപയോഗ സാധ്യമായ പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ തുടങ്ങിയവ വാടകയ്ക്ക് നല്‍കല്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്ലിങ്ങിന് നല്‍കല്‍ എന്നിവയാണത്.  

  പ്ലാസ്റ്റിക്- പേനകള്‍, ഫയലുകള്‍, കവറുകള്‍- തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പര്‍ ഫയലുകള്‍, പേനകള്‍ ബാഗുകള്‍, പാത്രങ്ങള്‍, തുണി സഞ്ചി, തുടങ്ങിയവ നിര്‍മ്മിക്കുന്ന 77 സൂക്ഷ്മ സംരംഭങ്ങളാണ് കുടുംബശ്രീയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ മാസവും ഇത്തരത്തിലുള്ള 50000ത്തോളം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നു. സീസണില്‍ ഇത് രണ്ട് ലക്ഷത്തോളമാകും. ഇതുവഴി അത്രയും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിന് ഫലപ്രദമായി ഇടപെടാന്‍ കുടുംബശ്രീയ്ക്ക് കഴിയുന്നു. മാത്രവുമല്ല തുണി സഞ്ചി പോലുള്ള ഉല്‍പന്നങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ തന്നെ പ്ലാസ്റ്റിക് കവറുകളുടെ ഉപഭോഗം ഗണ്യമായി കുറയ്ക്കാന്‍ കഴിയുന്നു. പേപ്പര്‍, കയര്‍, തുണി, തഴപ്പായ എന്നിവ കൊണ്ട് പൂവ്, ചെരുപ്പ്, ചവിട്ടി, ആഭരണങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകളും കുടുംബശ്രീയുടേതായുണ്ട്.

   ഇത് കൂടാതെ ആഘോഷ ചടങ്ങുകള്‍ക്കും മറ്റും പുനരുപയോഗിക്കാനാകുന്ന സ്റ്റീല്‍ പാത്രങ്ങ ളും ഗ്ലാസ്സുകളും ചില്ല് ഗ്ലാസ്സുകളും മറ്റും വാടകയ്ക്ക് നല്‍കുന്ന സംരംഭങ്ങളും, സംഘടനാ തലത്തില്‍ എഡിഎസ്, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയും കുടുംബശ്രീയ്ക്കുണ്ട്. ഇപ്പോള്‍ നടക്കുന്ന സമ്മേളനങ്ങള്‍, വിവാഹങ്ങള്‍, മേളകള്‍ തുടങ്ങിയവയെല്ലാം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നു. ഇതിനായി ഇത്തരത്തിലുള്ള കുടുംബശ്രീ സെന്‍ററുകള്‍ ഏറെ സഹായകമാകുന്നു.

  ഉപയോഗരഹിതമായ പ്ലാസ്റ്റിക് മാലിന്യം സമാഹരിച്ച് പുനരുപയോഗത്തിന് കൈമാറുന്ന പ്രവര്‍ത്തനങ്ങളും ഹരിത കേരള മിഷന്‍റെ ഭാഗമായി നടക്കുന്നു. ഇതിലും കുടുംബശ്രീയ്ക്ക് മികച്ച പങ്കാളിത്തമുണ്ട്. കേരളത്തില്‍ ഇതുവരെ 869 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മ സേന രൂപീകരിച്ചു, ആകെ 28172 അംഗങ്ങളുണ്ട്. ഇതില്‍ 412 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 16349 അംഗങ്ങള്‍ക്ക് സമാഹരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി, അവര്‍ പ്രവര്‍ത്തന സജ്ജരായിക്കഴിഞ്ഞു. 182 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മ സേന പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനഃചംക്രമണം ചെയ്തും ഉപയോഗിക്കുന്നു. ഇതേ രീതിയില്‍ പ്ലാസറ്റിക് ഷ്രെഡിങ് മെഷീന്‍ വഴി 285461 കിലോഗ്രാം പ്ലാസ്റ്റിക് പൊടിച്ചെടുത്ത് റോഡ് ടാറിങ്ങിനായി ക്ലീന്‍ കേരള കമ്പനി കൈമാറുകയും ചെയ്തു.

 കേരളത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരേ കുടുംബശ്രീ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ കേരള സമൂഹത്തില്‍ ഏറെ ക്രിയാത്മകമായ സംഭാവനയാണ് നല്‍കുന്നത്. ശബരിമല, മലയാറ്റൂര്‍, മലയാലപ്പുഴ, ആലുവ ശിവരാത്രി മണപ്പുറം, ആറ്റുകാല്‍ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍  പ്ലാസ്റ്റിക് മാലിന്യം മൂലമുള്ള മലിനീകരണം തടയുന്നതിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ സജീവ പങ്കാളിത്തം വഹിക്കുന്നു.