കുടുംബശ്രീയുടെ 'ഭക്ഷ്യ സുരക്ഷയ്ക്ക് എന്റെ കൃഷി': കേരളത്തില്‍ 20 ലക്ഷം പച്ചക്കറി സ്വയംപര്യാപ്ത കുടുംബങ്ങള്‍

Posted on Tuesday, March 13, 2018

തിരുവനന്തപുരം: ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് കുടുംബശ്രീ വിത്തു പാകിയ 'ഭക്ഷ്യസുരക്ഷയ്ക്ക് എന്‍റെ കൃഷി'  പദ്ധതിക്ക് മികച്ച വളര്‍ച്ച. പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്ത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കുടുംബശ്രീ സംസ്ഥാനത്ത് ആവിഷ്ക്കരിച്ച പദ്ധതി എല്ലാ ജില്ലകളിലും ഇതിനകം ശ്രദ്ധേയമായ വേരോട്ടം നേടിക്കഴിഞ്ഞു. അയല്‍ക്കൂട്ട വനിതകള്‍ ഏറ്റെടുത്തു വിജയിപ്പിച്ച പദ്ധതിയിലൂടെ ഇരുപത് ലക്ഷം കുടുംബശ്രീ കുടുംബങ്ങളാണ് ഇപ്പോള്‍ പച്ചക്കറികള്‍ കൃഷി ചെയ്തു സ്വയംപര്യാപ്തത നേടിയത്.   

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളെല്ലാം അവര്‍ക്കാവശ്യമുള്ള പച്ചക്കറികള്‍ സ്വയം ഉല്‍പാദിപ്പിക്കുന്നതിനും ആവശ്യക്കാരായ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുമായി ആവിഷ്ക്കരിച്ച പദ്ധതിയാണിത്.  പദ്ധതിയില്‍ അംഗമാകുന്ന ഏവര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി വാര്‍ഡുതലത്തില്‍ അമ്പതു പേര്‍ക്കു വീതമാണ് പരിശീലനം നല്‍കുന്നത്. പരിശീലനം നടത്തുന്ന ദിവസം തന്നെ ഓരോ അംഗത്തിനും മികച്ച ഇനം പച്ചക്കറി വിത്തുകളും വിതരണം ചെയ്യും.

 ഓരോ ഗ്രൂപ്പുകള്‍ക്കും മാസ്റ്റര്‍ കര്‍ഷകയും മാസ്റ്റര്‍ കര്‍ഷക പരിശീലകരുടെ കൂട്ടായ്മയായ ജീവ-ടീമുമാണ് പരിശീലനം നല്‍കുന്നത്, മാസ്റ്റര്‍ കര്‍ഷകയ്ക്ക് മാസ്റ്റര്‍ കര്‍ഷക പരിശീലകരും പരിശീലനം നല്‍കുന്നു. ഗ്രൂപ്പുകള്‍ക്ക് കുറഞ്ഞത് രണ്ട് മണിക്കൂര്‍ പരിശീലനം നല്‍കും. കൃഷി ചെയ്യേണ്ടതിന്‍റെ ആവശ്യകത, പച്ചക്കറി കൃഷി പരിപാലനം, അടുക്കള മാലിന്യസംസ്ക്കരണവും ജൈവവള നിര്‍മ്മാണവും തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. ഒരംഗത്തിന് 20 രൂപയുടെ വിത്തുകളാണ് നല്‍കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍, വിഎഫ്പിസികെ (വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള), കേരള കാര്‍ഷിക സര്‍വ്വകലാശാല, മറ്റ് സര്‍ക്കാര്‍ സ്ഥാപ നങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗുണമേയുള്ള വിത്തുകളാണിത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികളുമായി സംയോജിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍. പദ്ധതിയ്ക്ക് കൂടുതല്‍ പ്രചാരം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി പരിശീലനം കഴിഞ്ഞ് കൃഷി ആരംഭിക്കുന്ന ഓരോ അംഗത്തിന്‍റെയും വീടുകളില്‍ 'കുടുംബശ്രീ ഭക്ഷ്യസുരക്ഷാ ഭവനം' എന്ന പേരിലുള്ള സ്റ്റിക്കര്‍ പതിക്കും. ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കാനുള്ള ചുമതല മാസ്റ്റര്‍കര്‍ഷകര്‍ക്കാണ്.  

പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ള അയല്‍ക്കൂട്ട അംഗങ്ങളെ നാലു പേരുള്ള ഗ്രൂപ്പായി തിരിക്കും. പരിശീലനത്തിന് മുമ്പ് ഗ്രൂപ്പുകള്‍ സിഡിഎസില്‍ പത്ത് രൂപ അടച്ച് രജിസ്ട്രര്‍ ചെയ്യുകയും വേണം. ഓരോ സീസണിലും രജിസ്ട്രേഷന്‍ പുതുക്കണം. കുറഞ്ഞത് മൂന്നു സെന്‍റ് സ്ഥലത്തെങ്കിലും ഓരോ ഗ്രൂപ്പും ആകെ കൃഷി ചെയ്യണം. 25 സെന്‍റ് സ്ഥലത്ത് വരെ കൃഷി ചെയ്യാം. ഗ്രോബാഗ് കൃഷിയാണെങ്കില്‍ ഗ്രൂപ്പിലെ ഒരംഗത്തിന് കുറഞ്ഞത് 20 ഗ്രോബാഗുകളെങ്കിലും വേണമെന്നതാണ് നിബന്ധന. ഓരോ അംഗവും അഞ്ച് ഇനം പച്ചക്കറികളെങ്കിലും സ്വന്തം വീട്ടില്‍ കൃഷി ചെയ്യുകയും വേണം.

2017 ഓഗസ്റ്റ് 17 (കര്‍ഷക ദിനം കൂടിയായ ചിങ്ങം1) നാണ് കേരളത്തിലാകെ പദ്ധതി ആരംഭിച്ചത്. തുടക്കത്തില്‍ ആറ് ലക്ഷം കുടുംബങ്ങളില്‍ നിന്നുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പരിശീലനവും വിത്തും നല്‍കി. ഇത്തരത്തില്‍ കൃഷി ആരംഭിച്ച കുടുംബങ്ങള്‍ പലവട്ടം വിളവെടുക്കുകയും ചെയ്തു. ഇപ്പോള്‍ ഇരുപതു ലക്ഷത്തിലേറെ കുടുംബങ്ങളില്‍ പദ്ധതിയനുസരിച്ച് കൃഷി നടത്തുന്നു. പദ്ധതിക്ക് കീഴില്‍ കൃഷി നടത്തി പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന കുടുംബങ്ങളെ ഭക്ഷ്യസുരക്ഷാ ഭവനങ്ങളായാണ് കണക്കാക്കുന്നത്.  വയോജന അയല്‍ക്കൂട്ട അംഗങ്ങളും ബഡ്സ്-മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളും  ഈ പദ്ധതിയില്‍ അംഗങ്ങളായി പലവിധ പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്.