തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം 10.10.2020ന്

Posted on Friday, October 9, 2020
Declaration of Sanitary Status of Local Governments on 10.10.2020
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം നാളെ (10.10.2020ന് ശനി) മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
ഖരമാലിന്യ സംസ്‌കരണത്തില്‍ മികവ് തെളിയിച്ച് 589 തദ്ദേശ സ്ഥാപനങ്ങള്‍


സംസ്ഥാനത്തെ 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി സംസ്ഥാനതല പ്രഖ്യാപനം 10.10.2020 ശനി രാവിലെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എ.സി.മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 12 ഇന പരിപാടിയില്‍ 500 ഗ്രാമപഞ്ചായത്തുകളെയും 50 നഗരസഭകളെയും ശുചിത്വ പദവിയില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന്‍ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്. 501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്കുപഞ്ചായത്തുകളുമാണ് നേട്ടം കൈവരിച്ചത്.
സംസ്ഥാനതല പദവി പ്രഖ്യാപന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരന്‍ ഐ.എ.എസ്. ശുചിത്വ പദവി റിപ്പോര്‍ട്ട് അവതരിപ്പിക്കും. മേയേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌സ് ചേംബര്‍ ചെയര്‍മാന്‍ ശ്രീ. വി.കെ.മധു, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍ ശ്രീ. വി.വി. രമേശന്‍, സെക്രട്ടറി ശ്രീ. സാബു കെ. ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. ആര്‍. സുഭാഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. തുളസീഭായ് പത്മാനാഭന്‍, ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. മിര്‍ മുഹമ്മദ് അലി തുടങ്ങിയവരും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും. തുടര്‍ന്ന് ശുചിത്വ പദവി കരസ്ഥാമാക്കിയ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവും വിതരണം ചെയ്യും.
സമ്പൂര്‍ണ്ണ ശുചിത്വ പദവിയിലേക്കുള്ള ആദ്യ പടിയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവുതെളിയിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ശുചിത്വ പദവി. ഖരമാലിന്യത്തിന് പുറമേ ദ്രവ-  വാതക മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളുള്‍പ്പെടെ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ സകല ഘടകങ്ങളും പ്രാവര്‍ത്തികമാക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ശുചിത്വ പദവി നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ കൈവരിച്ച നേട്ടത്തിലൂടെ സംസ്ഥാനത്തിന്റെ പകുതിയിലേറെ ഭൂപ്രദേശത്ത് ശാസ്ത്രീയ ഖരമാലിന്യ സംസ്‌കരണം പരമാവധി പ്രാവര്‍ത്തികമാക്കപ്പെടുകയാണെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു.
ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കര്‍മ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും ഒരുക്കുക, പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക, സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകള്‍ സൂചകങ്ങളായി നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയം നടത്തിയത്. 100 ല്‍ 60 മാര്‍ക്കിനു മുകളില്‍ ലഭിച്ച തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവിക്ക് അര്‍ഹത നേടിയത്.