കൂടുതല്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ച് കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് ആയിരത്തിലധികം പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുകയായിരുന്നു മുഖ്യമന്ത്രി. 1260 പച്ചത്തുരുത്തുകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. പക്ഷികളുടേയും ചെറുജീവികളുടേയും ആവാസ കേന്ദ്രമായി പല പച്ചത്തുരുത്തുകളും ഇതിനകം മാറിയതായും ജൈവവൈവിധ്യത്തിലും ആവാസവ്യവസ്ഥയിലും കണ്ടറിയാവുന്ന മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. നാടിനെ സംരക്ഷിക്കുന്ന ചുമതലയാണ് വൃക്ഷങ്ങളുടെ പരിപാലനത്തിലൂടെ നിറവേറ്റപ്പെടുന്നതെന്നും എല്ലാ വര്‍ഷവും ആയിരം പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരളം മിഷന്‍ കൈവരിച്ച ഈ നേട്ടം ഭാവിയിലേക്കുള്ള വലിയ നിക്ഷേപമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഭൂമിക്ക് പുറമേ സ്വകാര്യ ഭൂമിയിലും സ്ഥാപനങ്ങളിലും പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. പച്ചത്തുരുത്ത് പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പരിസ്ഥിതിയേയും കേരളത്തിന്റെ ജൈവവൈവിധ്യ കലവറയേയും സംരക്ഷിക്കാനുള്ള മാതൃകാപരമായ പ്രവര്‍ത്തനമാണ് പച്ചത്തുരുത്തിലൂടെ യാഥാര്‍ത്ഥ്യമാക്കിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പച്ചത്തുരുത്ത് ആരംഭിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. സാമൂഹിക ഉത്തരവാദിത്തത്തോടെ ജനപങ്കാളിത്തത്തോടെയാണ് സംസ്ഥാനത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച് വരുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് 1261-ാമതായി തുടങ്ങിയ നെടുമങ്ങാട് ബ്ലോക്കിലെ പച്ചത്തുരുത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ.മധു, നെടുമങ്ങാട് നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു ബി., മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഐ.എ.എസ്., ഐ.ടി.മിഷന്‍ ഡയറക്ടര്‍ ഡോ. ചിത്ര എസ്. ഐ.എ.എസ്., അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്‌ററ് കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും അനുമോദന പത്രം നല്‍കി.
- 141 views