കോവിഡ് ബാധിച്ചു വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് ആരോഗ്യ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണു പുതിയ നിർദേശങ്ങൾ.
രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയാൽ വീട്ടിൽ സ്വയം നിരീക്ഷണത്തിലിരിക്കുകയും രോഗലക്ഷണങ്ങളുണ്ടായാൽ വൈദ്യസഹായം തേടുകയും ചെയ്യണം.
മൂന്നു ദിവസം തുടർച്ചയായി കുറയാതെ തുടരുന്ന കടുത്ത പനി, ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചിൽ വേദനയും മർദവും അനുഭവപ്പെടുക, ആശയക്കുഴപ്പവും ഏഴുന്നേൽക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടുക, കടുത്ത ക്ഷീണവും പേശീവേദനയും അനുഭവപ്പെടുക, ശരീരത്തിൽ ഓക്സിൻ അളവ് കുറയുക തുടങ്ങിയവയിൽ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിലാണ് വൈദ്യസഹായം തേടേണ്ടത്.
രോഗം സ്ഥിരീകരിച്ച് വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർ കുടുംബാംഗങ്ങളിൽനിന്നു അകലം പാലിക്കണം. വായൂ സഞ്ചാരമുള്ള മുറിയിലാകണം ഐസൊലേഷനിൽ കഴിയേണ്ടത്. എപ്പോഴും എൻ95 മാസ്‌കോ ഡബിൾ മാസ്‌കോ ഉപയോഗിക്കണം. ധാരാളം പാനീയം കുടിക്കുകയും വിശ്രമിക്കുകയും വേണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുകയും സാനിറ്റൈസ് ചെയ്യുകയും വേണം. പാത്രങ്ങൾ ഉൾപ്പെടെ വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ ആരുമായും പങ്കുവയ്ക്കരുത്. ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ സോപ്പ്, ഡിറ്റർജന്റ്, വെള്ളം എന്നിവ ഉപയോഗിച്ചു വൃത്തിയാക്കണം. ഓക്സിജൻ അളവ്, ശരീര ഊഷ്മാവ് എന്നിവ കൃത്യമായി നിരീക്ഷിക്കണം.
കോവിഡ് പോസിറ്റിവായി ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും പിന്നിടുകയോ മൂന്നു ദിവസങ്ങളിൽ പനി ഇല്ലാതിരിക്കുകയോ ചെയ്താൽ ഹോം ഐസൊലേഷൻ അവസാനിപ്പിക്കാം. ഹോം ഐസൊലേഷൻ കാലാവധി കഴിഞ്ഞതിനു ശേഷം വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതില്ല. മാക്സ് ധരിക്കുന്നതു തുടരണമെന്നും ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശത്തിൽ പറയുന്നു.
- 3328 views