തിരുവനന്തപുരം നഗരസഭ മേയറുടെ കീഴില്‍ ഗ്രീന്‍ ആര്‍മിയുമായി ബന്ധപ്പെട്ട് 18 നും 35 വയസ്സിനും ഇടയില്‍ പ്രായമുള്ള 10 പേര്‍ക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം. 3 മാസം, 6 മാസം, 1 വര്‍ഷം എന്നിങ്ങനെ കാലയളവിലുള്ള ഇന്‍റേണ്‍ഷിപ്പാണ് അനുവദിക്കുന്നത്. സ്റ്റൈപന്‍റോ, ഓണറേറീയമോ ലഭ്യമാകുന്നതല്ല. വിജയകരമായി ഇന്‍റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കും. 2021 ലെ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ നടന്ന സൈക്കിള്‍ റാലിക്ക് ശേഷമാണ് മേയര്‍ ഇന്‍റേണ്‍ഷിപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാവിലെ 6.30 ന് നഗരസഭ അങ്കണത്തില്‍ നിന്ന് ആരംഭിച്ച സൈക്കിള്‍ റാലിക്ക് മേയര്‍ ആര്യ രാജേന്ദ്രന്‍ നേതൃത്വം നല്‍കി. ഹെല്‍ത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ജമീല ശ്രീധരന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഇന്‍റസ് സൈക്ലിംഗ് എംബസി, റൈഡ് ഫോര്‍ ഗ്രീന്‍ എന്നിവയുമായി സഹകരിച്ച് നഗരസഭ ഗ്രീന്‍ ആര്‍മി സംഘടിപ്പിച്ച റാലിയില്‍ ബൈസൈക്കിള്‍ മേയര്‍ പ്രകാശ്.പി.ഗോപിനാഥ്, ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ഇന്‍ഡസ് സൈക്ലിംഗ് എംബസി സൈക്ലിംഗില്‍ താല്പര്യമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സൈക്കിള്‍ നല്‍കുന്ന ഗിഫ്റ്റ് എ സൈക്കിള്‍ പദ്ധതിയുടെ ഭാഗമായി ഈ മാസം തിരഞ്ഞെടുക്കപ്പെട്ട പാല്‍ക്കുളങ്ങര എന്‍.എസ്.എസ്. എച്ച്.എസ്.എസ് 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനി അഭിനയയ്ക്ക് മേയര്‍ സൈക്കിള്‍ സമ്മാനിച്ചു.
ഈ വര്‍ഷത്തെ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരപരിധിയിലുള്ള മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികള്‍ കേന്ദ്രീകരിച്ച് ഉറവിട മാലിന്യ പരിപാലനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. നിലവിലുള്ള എം.ആര്‍.എഫ് കളുടെ സ്ഥിതിവിവര അവലോകനവും മെച്ചപ്പെടുത്തുന്നതിനുള്ള പഠന റിപ്പോര്‍ട്ടും തയ്യാറാക്കി നല്‍കും. ഗ്രീന്‍ ആര്‍മിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വോളന്‍റിയര്‍മാരായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഉറവിട മാലിന്യ പരിപാലന പദ്ധതിയിലെ കേന്ദ്രബിന്ദുവായ ബയോ കമ്പോസ്റ്റര്‍ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി കിച്ചണ്‍ബിന്‍ ചലഞ്ച് സംഘടിപ്പിക്കും. ഏറ്റവും മികച്ച രീതിയില്‍ കിച്ചണ്‍ബിന്‍ ഉപയോഗിക്കുന്നവരെ തിരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കും. വ്യക്തികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സ്ഥാപനങ്ങള്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുക. ഗ്രീന്‍ ആര്‍മിയുടെ ഈ വര്‍ഷത്തെ ഹരിതനഗരോത്സവം വേനലവധി ക്യാമ്പ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മെയ് മാസത്തില്‍ സംഘടിപ്പിക്കും.
- 1359 views