Haritha Keralam Mission for Waste Management and Water Conservation Campaign to Prevent Diseases

Posted on Monday, April 6, 2020

വീടുകളില്‍ പുലര്‍ത്തുന്ന ശരിയായ മാലിന്യ സംസ്‌കരണ - ജലസംരക്ഷണ രീതികളിലൂടയും ആരോഗ്യശീലങ്ങളിലൂടെയും ശുചിത്വവും രോഗപ്രതിരോധവും ഉറപ്പാക്കുന്നതിന് ഹരിതകേരളം മിഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കും. കോവിഡ് 19 പ്രതിരോധം ശക്തമാക്കുന്നതിനോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങളെ തടയുന്നതിന് മാലിന്യ സംസ്‌കരണം കൂടുതല്‍ ഫലപ്രദമാക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ ലക്ഷ്യത്തോടെയാണ് ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് സഹായകരമാകുംവിധം ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴുമുതല്‍ ഇതിനായുള്ള കാമ്പയിന് തുടക്കം കുറിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മാലിന്യ സംസ്‌കരണം ഉറപ്പുവരുത്തുക, വീടുകളില്‍ ശരിയായ മാലിന്യ സംസ്‌കരണ രീതികള്‍ക്കുള്ള ബോധവത്കരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തും. ഇക്കൊല്ലത്തെ മഴക്കാല പകര്‍ച്ചവ്യാധികള്‍ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കുന്നതില്‍ ആരോഗ്യവകുപ്പിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമാകുംവിധം ലോക്ക് ഡൗണിനു ശേഷവും ഈ ക്യാമ്പയിന്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് ലക്ഷ്യമിടുന്നത്.

വീട്ടിലെ ജൈവമാലിന്യങ്ങളുടെ സംസ്‌കരണ രീതികള്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാനായി അജൈവ മാലിന്യങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള ചെറിയ ശേഖരണ സംവിധാനങ്ങള്‍ (മൈക്രോ എം.സി.എഫ്) വീടുകളില്‍ സജ്ജമാക്കല്‍, വീട്ടിലും പരിസര പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കല്‍, നല്ല ശുചിത്വ ശീലങ്ങള്‍ പാലിക്കല്‍, എലികള്‍ പെരുകുന്ന സാഹചര്യം തടയല്‍, മലിനജലം ഉപയോഗിക്കുന്നത് ഒഴിവാക്കല്‍, ജലം കരുതലോടെ ഉപയോഗിക്കല്‍, പച്ചക്കറിക്കൃഷി തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പയിന്‍. എല്ലാ വീടുകളിലും മാലിന്യങ്ങള്‍ ശരിയായി തരംതിരിച്ച് സംസ്‌കരിക്കുക എന്നത് പാലിക്കണം. ആഹാരാവശിഷ്ടങ്ങള്‍ പോലെ അഴുകുന്ന മാലിന്യങ്ങള്‍ ബയോ കമ്പോസ്ററിങ്, കുഴിക്കമ്പോസ്റ്റിങ്, പച്ചക്കറിക്കും മറ്റു വിളകള്‍ക്കും വളമായി ചേര്‍ക്കല്‍ തുടങ്ങിയ രീതികളിലൂടെ സംസ്‌കരിക്കണം. പ്ലാസ്റ്റിക്, ഇലക്ട്രോണിക് വസ്തുക്കള്‍ പോലുള്ള മണ്ണില്‍ ലയിക്കാത്ത മാലിന്യങ്ങള്‍ വലിച്ചെറിയരുത്. അവ തരം തിരിച്ച് വീടുകള്‍ ശേഖരിക്കണം. ലോക് ഡൗണ്‍ സാഹചര്യം മാറുമ്പോള്‍ അവ ശേഖരിക്കുന്നതിന് തദ്ദേശ ഭരണ തലത്തിലുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാവും. വീട്ടിലും വളപ്പിലും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. വീടുകള്‍ക്കൊപ്പം നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മാലിന്യങ്ങള്‍ ശരിയായി സംരക്ഷിക്കുകയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യണം. മാലിന്യങ്ങള്‍ വലിച്ചെറിയുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം അധികൃതരെ അറിയിക്കണം. പ്ലാസ്റ്റിക് വസ്തുക്കള്‍ ഒരിക്കലും കത്തിക്കരുത്. കോവിഡ് മാലിന്യങ്ങള്‍ ഇതിനായുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അണുനാശനം ചെയ്ത് സംസ്‌കരിക്കണം.

മാലന്യ സംസ്‌കരണ കാര്യങ്ങളില്‍ സംശയനിവാരണത്തിന് ഹരിതകേരളം ജില്ലാകോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാവുന്നതാണ്. കോവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് ഹരിതകേരളം മിഷന്‍ രൂപം നല്കിയിട്ടുള്ള വാട്സാപ്പ് ഗ്രുപ്പുകള്‍, കുടുംബശ്രീ വാട്ട്സാപ്പ് ഗ്രൂപ്പുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, യൂത്ത് വോളന്റിയര്‍മാര്‍ എന്നിവയിലൂടെ ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനാവശ്യമായ ബോധവത്കരണവും ഇടപെടലും നടത്തുമെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ്ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍. സീമ അറിയിച്ചു.

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹരിതകേരളം മിഷന്‍