Local Self Government Dept, Govt. of Kerala
 
 
 
Kerala Govt Logo
 
 
Home
 
 

ഗ്രാമ വികസന കമ്മീഷണറേറ്റ്

ഗ്രാമവികസന വകുപ്പിന്റെ ഭരണസംവിധാനം വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി 1987 ജനുവരി 24-ന് ഗ്രാമവികസന കമ്മീഷണറേറ്റ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ സെക്രട്ടറിയേറ്റില്‍ ചെയ്തുകൊണ്ടിരുന്ന പല ചുമതലകളും കമ്മീഷണറേറ്റിന് കൈമാറി. ഗ്രാമവികസന പദ്ധതികളുടെ നടത്തിപ്പ് ഗ്രാമവികസന കമ്മീഷണറില്‍ നിക്ഷിപ്തമായിരിക്കുന്നു. ജില്ലാതലത്തില്‍ ഭരണകാര്യങ്ങളുടെ ചുമതല അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ക്കും, കേന്ദ്രാവിഷ്കൃത പരിപാടികളുടെ ഏകോപനം ജില്ലാപഞ്ചായത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റിന്റെ ചുമതലയുള്ള പ്രോജക്ട് ഡയറക്ടര്‍ക്കുമാണ്. ഗ്രാമവികസന വകുപ്പിന് മിനിസ്റ്റീരിയല്‍ വിഭാഗവും രൂപികരിച്ചിട്ടുണ്ട്. ഇന്റേണല്‍ ഓഡിറ്റ് സെക്ഷനും കമ്മീഷണറേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
വിലാസം
:
ഗ്രാമവികസന കമ്മീഷണറേറ്റ്
സ്വരാജ് ഭവന്‍,നന്തന്‍കോട്,കവടിയാര്‍ (പി ഒ)
തിരുവനന്തപുരം - 695003
ഫോണ്‍ : 0471-2313882, 0471-2314526, ഫാക്സ് 0471-2317214
Email: crdkerala@gmail.com
vsit: www.rdd.kerala.gov.in

സ്ഥാപന ഘടന

CRD

ചരിത്രം

ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഗ്രാമപഞ്ചായത്തുകള്‍ . ‘ഗ്രാമസ്വരാജ്’ എന്ന ആശയം നല്‍കിയത് ഗാന്ധിജി ആയിരുന്നു. സ്വയംപര്യാപ്ത ഗ്രാമങ്ങളും സ്വയംഭരണാവകാശമുള്ള ഗ്രാമ സ്വരാജുമാണ് ഗാന്ധിജി വിഭാവനം ചെയ്തത്. വികേന്ദ്രീകൃതാസൂത്രണത്തിന്റെ വേരുതേടിയാല്‍ സര്‍ വിശ്വേശ്വരയ്യയുടെ “ജില്ലാവികസന പദ്ധതി-നിര്‍ബന്ധിത മുന്നേറ്റത്തിലൂടെ സാമ്പത്തികാഭിവൃദ്ധി” എന്ന പഠന ഗവേഷണത്തിലാണ് ചെന്നെത്തുക. മൈസൂറിനായി ചതുര്‍തല ആസൂത്രണ സംവിധാനമാണ് അദ്ദേഹം വിഭാവനം ചെയ്തത്. 1957-ലെ ശ്രീ ബല്‍വന്ത്റായ് മേത്തയുടെ നേതൃത്വത്തിലുളള പഠനസംഘത്തിന്റെ റിപ്പോര്‍ട്ട് ആസൂത്രണ പ്രക്രിയയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു. ആസൂത്രണത്തിന്റെയും സാമൂഹ്യ വികസനം, ദേശീയ അനുബന്ധ സേവനപരിപാടികള്‍ (വിജ്ഞാന വ്യാപന) എന്നിവയുടെ നടത്തിപ്പിന്റെയും അടിസ്ഥാനം ജനാധിപത്യപരമായ വികേന്ദ്രീകരണം എന്ന സങ്കല്പമായിരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പങ്കും അധികാരവും എന്ന വിഷയത്തെക്കുറിച്ച് 1977-ല്‍ രണ്ടാമത്തെ സുപ്രധാന പഠനം നടത്തിയത് അശോക് മേത്ത കമ്മിറ്റിയായിരുന്നു. പ്രാദേശികതലത്തിലെ വികസന കേന്ദ്രങ്ങള്‍ എന്നതില്‍ നിന്ന് രാഷ്ട്രീയ സ്ഥാപനങ്ങള്‍ എന്ന നിലയിലേക്കുള്ള പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ സ്ഥാനമാറ്റത്തിന് പ്രത്യേക ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പഠനമായിരുന്നു ഇത്. ഈ പഠനങ്ങള്‍ കൂടാതെ അടിസ്ഥാനതല ആസൂത്രണം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും ശ്രദ്ധേയമായ ശ്രമങ്ങള്‍ നടത്തിയിരുന്നു. 1958 ഒക്ടോബര്‍ 2 ന് രാജ്യത്ത് ഇദംപ്രഥമമായി രാജസ്ഥാനില്‍ പഞ്ചായത്ത് രാജ് നടപ്പിലാക്കി. 1960-61 കാലത്ത് അസ്സാം, കര്‍ണ്ണാടക, ഒറീസ്സ, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളിലും ഈ പ്രസ്ഥാനം ആരംഭിച്ചു. രാജസ്ഥാന്‍ , ബിഹാര്‍ , പഴയ മദ്രാസ് സംസ്ഥാനം, മൈസൂര്‍ , ഒറീസ്സ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളില്‍ ഗണ്യമായ തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുവാന്‍ മദ്ധ്യതലത്തിലുള്ള പഞ്ചായത്ത് സമിതിക്ക് വന്‍തോതില്‍ അധികാരം കൈമാറിയിരുന്നു. പഞ്ചായത്ത് സമിതികള്‍ക്ക് ഉപദേശം, മാര്‍ഗനിര്‍ദ്ദേശം, പിന്തുണ എന്നിവ നല്‍കാനും മേല്‍നോട്ടത്തിനുമുള്ള പ്രധാന ഉത്തരവാദിത്തം ജില്ലാ പരിഷത്തുകള്‍ക്കായിരുന്നു. ഇതുകൂടാതെ, ജില്ലാതലത്തില്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഏകീകരിക്കുന്നതിന്റെ ചുമതലയും പരിഷത്തിന് തന്നെയാണുണ്ടായിരുന്നത്.

ഗ്രാമഭൂമി (ദ്വൈമാസിക)

1980 മാര്‍ച്ചില്‍ പ്രസിദ്ധീകരണം ആരംഭിച്ച ഗ്രാമഭൂമി, 1983 ഏപ്രില്‍ മുതലാണ് ദ്വൈമാസികയാക്കിയത്. ഗ്രാമവികസന വകുപ്പിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ , സര്‍ക്കാരില്‍ നിന്ന് നല്‍കിവരുന്ന ആനുകൂല്യങ്ങളെകുറിച്ചും ഗ്രാമതലത്തില്‍ നടപ്പാക്കുന്ന പദ്ധതികളെകുറിച്ചുമുള്ള വിശദാംശങ്ങള്‍ , ബോധവത്കരണ ലക്ഷ്യത്തോടെയുള്ള രചനകള്‍ , വിജ്ഞാനവും മാനസികോല്ലാസവും നല്കുന്ന കൃതികള്‍ എന്നിങ്ങനെ ഗ്രാമീണ ജനതയുടെ സമഗ്ര വികസനത്തിനനുയോജ്യമായ എല്ലാ വിഭവങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും, വി.ഇ.ഒ-മാര്‍ക്കും, ഗ്രാമീണ ഗ്രന്ഥശാലകള്‍ക്കും, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും, എം എല്‍ എ-മാര്‍ക്കും, എം.പി.മാര്‍ക്കും, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഗ്രാമഭൂമി ലഭ്യമാക്കുന്നുണ്ട്. കൂടാതെ 24 രൂപ ദ്വൈവാര്‍ഷിക വരിസംഖ്യ അടയ്ക്കുന്ന പൊതുജനങ്ങള്‍ക്കും ഗ്രാമഭൂമി ലഭിക്കും. വരിക്കാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ചീഫ് എഡിറ്റര്‍ , ഗ്രാമഭൂമി, റൂറല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മുനിസിപ്പല്‍ ഗസ്റ്റ് ഹൌസ്, വഴുതയ്ക്കാട്, തിരുവനന്തപുരം എന്നവിലാസത്തില്‍ 24 രൂപ മണിയോര്‍ഡറായി അയയ്ക്കേണ്ടതാണ്.

Untitled Document
Website belongs to Local Self Government Department, Kerala, India
Developed and maintained by Information Kerala Mission, Network Services by State e-Governance Data Centre