Local Self Government Dept, Govt. of Kerala
 
 
 
Kerala Govt Logo
 
 
Home
 
 

കേരള റൂറല്‍ എംപ്ലോയ്മെന്റ് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി - ക്രൂസ്

ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും പഞ്ചായത്തു വകുപ്പിന്റെ കീഴില്‍ 1986-ല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി ആരംഭിച്ച ഒരു സൊസൈറ്റിയാണ് കേരള റൂറല്‍ എംപ്ലോയ്മെന്റ് & വെല്‍ഫെയര്‍ സൊസൈറ്റി അഥവാ ക്രൂസ്. ഇതിന്റെ കീഴില്‍ പാലക്കാട് ജില്ലയില്‍ കഞ്ചിക്കോട്  ഗ്രാമലക്ഷ്മി മുദ്രാലയം എന്ന പേരില്‍ ആധുനിക സൌകര്യങ്ങളോടെയുള്ള ഒരു ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ് 1987 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു വരുന്നു. സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ നിന്നും മൂലധനം ശേഖരിച്ചുകൊണ്ട് ആരംഭിച്ച ഈ സ്ഥാപനം സംസ്ഥാനത്തെ പഞ്ചായത്ത്-മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ക്കുള്ള ഫോറങ്ങളും രജിസ്റ്ററുകളും അച്ചടിച്ചു നല്‍കിവരുന്നു. കൂടാതെ മറ്റു വകുപ്പുകള്‍ക്കു വേണ്ടിയും അച്ചടി ജോലി നിര്‍വ്വഹിക്കുന്നുണ്ട്. പഞ്ചായത്ത് രാജ് മാസികയും പഞ്ചാത്ത് വികസന ഗൈഡും അച്ചടിച്ചു നല്‍കുന്നതും ഈ സ്ഥാപനമാണ്. ഏറെ വികസന സാദ്ധ്യതയുള്ളതും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകുംവിധം തുടരെ ലാഭത്തില്‍ പ്രവര്‍ത്തിച്ച് വരുന്നതുമായ ഒരു സ്ഥാപനമാണിത്. സൊസൈറ്റിയുടെ ദൈനംദിന ഭരണം നിയന്ത്രിക്കുന്നത് ഡയറക്ടര്‍ ബോര്‍ഡാണ്. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മാനേജിംഗ് ഡയറക്ടര്‍ , ജില്ലകളിലെ പഞ്ചായത്തു പ്രസിഡന്റുമാരില്‍ നിന്നും ജനറല്‍ കൌണ്‍സില്‍ തെരഞ്ഞെടുക്കുന്ന ഏഴ് പേര്‍ , ഒരു വ്യക്തിഗത അംഗം, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 4 പേര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്നതാണ് ഡയറക്ടര്‍ ബോര്‍ഡ്. പഞ്ചായത്ത് ഡയറക്ടര്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയിരിക്കണമെന്ന്  വ്യവസ്ഥ ചെയ്തിട്ടുണ്ട്. പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ കേഡറിലുള്ള ഉദ്യോഗസ്ഥനാണ് സൊസൈറ്റിയുടെ സെക്രട്ടറി. ഓരോ ജില്ലയില്‍ നിന്നും രണ്ട് എന്ന ക്രമത്തില്‍ പഞ്ചായത്തു പ്രസിഡന്റുമാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 28 പേര്‍ , സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 11 പേര്‍ , ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ അടങ്ങിയ ജനറല്‍ കൌണ്‍സില്‍ ആണ് സൊസൈറ്റിയുടെ പൊതുവായ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.

വിലാസം:

KREWS, Swaraj Bhavan, Basement-(1), North Block,
Nanthancode, Kowdiar P.O, Thiruvananthapuram-03.
Phone No : 0471-2722007, Fax : 2722064
E-mail :mdkrewstvpm@gmail.com

ക്രൂസ്-ഡയറക്ടര്‍ ബോര്‍ഡ്‌ പുന സംഘടിപ്പിച്ച ഉത്തരവ് 

ക്രൂസ്-ജനറല്‍ കൌണ്‍സില്‍ പുന സംഘടിപ്പിച്ച ഉത്തരവ് 

 

ഗ്രാമലക്ഷ്മി മുദ്രാലയം - പാലക്കാട് - കഞ്ചിക്കോട്

തൊഴിലും തൊഴില്‍ പരിശീലനവും നല്‍കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി സൊസൈറ്റി തുടങ്ങിയ ആദ്യ സംരംഭമാണ് 1987-ല്‍ പാലക്കാട് ജില്ലയില്‍ കഞ്ചിക്കോട്  സ്ഥാപിച്ച ഗ്രാമലക്ഷ്മി മുദ്രാലയം. ഒന്നരക്കോടി രൂപയുടെ മുതല്‍മുടക്കോടെ തുടങ്ങിയ ഗ്രാമലക്ഷ്മി മുദ്രാലയത്തില്‍ എച്ച്.എം.റ്റി നിര്‍മ്മിതമായ മൂന്ന് ഓഫ്സെറ്റ് അച്ചടിയന്ത്രങ്ങള്‍ , ഡി.ടി.പി ക്യാമറ സംവിധാനങ്ങള്‍ തുടങ്ങിയ മികച്ച സജ്ജീകരണങ്ങള്‍ ഉണ്ട്. കേരളത്തില്‍ അച്ചടി രംഗത്ത് ഏറ്റവും നല്ല നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുളള ഗ്രാമലക്ഷ്മി മുദ്രാലയത്തില്‍ 50 പേര്‍ക്ക് പ്രത്യക്ഷമായും 100 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്നു. കൂടാതെ തൊഴില്‍ പരിശീലനവും നല്‍കിവരുന്നുണ്ട്. കേരളത്തിലെ ത്രിതല പഞ്ചായത്തുകളുടെയും പരിമിതമായ രീതിയിലാണെങ്കിലും മുനിസിപ്പാലിറ്റികളുടെയും, കോര്‍പ്പറേഷനുകളുടെയും അച്ചടിയാവശ്യങ്ങള്‍ നിറവേറ്റുന്നതിനുപുറമെ പഞ്ചായത്തുവകുപ്പില്‍ നിന്നും പ്രസിദ്ധപ്പെടുത്തി വരുന്ന പഞ്ചായത്ത് രാജ് മാസിക, 1989 മുതല്‍ പ്രസിദ്ധപ്പെടുത്തി വരുന്ന പഞ്ചായത്ത് ഗൈഡ് മുതലായവ ഗ്രാമലക്ഷ്മി മുദ്രാലയത്തില്‍ നിന്നാണ് അച്ചടിച്ച് വരുന്നത്. കൂടാതെ മറ്റു സര്‍ക്കാര്‍ അച്ചടി ആവശ്യങ്ങളും നിറവേറ്റിവരുന്നു. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പതിനഞ്ചോ മുപ്പതോ ആളുകള്‍ക്ക് ഡി.ടി.പി, ക്യാമറ ആന്റ് പ്ലേറ്റ്‌ മേക്കിംഗ് വര്‍ക്ക്, ആധുനിക കളര്‍ അച്ചടി, കൈകൊണ്ടും യന്ത്രസഹായത്താലും ചെയ്യുന്ന ബൈന്റിംഗ് എന്നിവയിലും പരിശീലനം നല്കുന്നു. മുദ്രാലയത്തില്‍ അത്യാധുനിക ബൈന്റിംഗ് യന്ത്രങ്ങള്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. അച്ചടി പുര്‍ത്തിയായ സാമഗ്രികള്‍ സൌകര്യമായി സൂക്ഷിക്കുന്നതിനായി വിപുലമായ  സ്റ്റോര്‍ സംവിധാനവും ആധുനിക പ്ലാന്റ് നിര്‍മ്മാണവും സൊസൈറ്റിയുടെ വിപുലീകരണ സംവിധാനങ്ങളാണ്. ഇതോടെ കുടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും നിരവധി യുവതീ-യുവാക്കള്‍ക്ക് ഡി.ടി.പി, അച്ചടി, ബൈന്റിംഗ് തുടങ്ങിയ തൊഴിലുകളില്‍ പരിശീലനം നല്‍കുന്നതിനും കഴിയും. പഞ്ചായത്തുകള്‍ക്കും മറ്റും ആവശ്യമായ ഫോറങ്ങളും രജിസ്റ്ററുകളും കേരളത്തില്‍ അങ്ങോളമിങ്ങോളം എത്തിക്കുന്നതിന് സെയില്‍സ് ഡിപ്പോകള്‍ തയ്യാറാക്കുന്നത് സൊസൈറ്റിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതാണ്.

ഗ്രാമലക്ഷ്മി മുദ്രാലയം - തിരുവനന്തപുരം - കല്ലിയൂര്‍

ഗ്രാമപഞ്ചായത്തുകളുടെ അച്ചടി ആവശ്യങ്ങള്‍ വേഗത്തില്‍ നിര്‍വ്വഹിക്കുന്നതിനും കോര്‍പ്പറേഷനുകള്‍ , മുനിസിപ്പാലിറ്റികള്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അച്ചടി ജോലികള്‍കൂടി ഏറ്റെടുത്ത് നടത്തുന്നതിനും കൂടാതെ സൊസൈറ്റിയുടെ മുഖ്യലക്ഷ്യങ്ങളില്‍ ഒന്നായ തൊഴില്‍രഹിതരായ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക, അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ നല്‍കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ തിരുവനന്തപുരത്ത് കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് സൌജന്യമായി നല്‍കിയ ഒരേക്കര്‍ രണ്ടു സെന്റ് സ്ഥലത്ത് ഒരു പ്രിന്റിംഗ് പ്രസ്സും അച്ചടിയോടനുബന്ധിച്ചുളള തൊഴിലുകളില്‍ പരിശീലനം നല്‍കുന്നതിനുളള കേന്ദ്രവും 2010 ആഗസ്റ്റ് 11ന്  ആരംഭിച്ചു.

 

Untitled Document
Website belongs to Local Self Government Department, Kerala, India
Developed and maintained by Information Kerala Mission, Network Services by State e-Governance Data Centre