ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു തീര്‍ത്ത ആയിരത്തിലേറെ പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ വ്യാഴാഴ്ച (15.10.2020) രാവിലെ 10 മണിക്ക് ഓണ്‍ലൈനായി നിര്‍വഹിക്കും. പച്ചത്തുരുത്ത് പദ്ധതിയുടെ അവലോകന റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അതിജീവനത്തിന് ജൈവവൈവിധ്യത്തിന്റെ ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യമിട്ടു തുടങ്ങിയ സംരംഭം ലക്ഷ്യം കടന്ന് ഇതുവരെ 1261 പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കിയതായി ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു. പ്രഖ്യാപന ചടങ്ങിനെത്തുടര്‍ന്ന് 1261-ാ മതായി പൂര്‍ത്തിയാക്കിയ നെടുമങ്ങാട് ബ്ലോക്കിലെ പച്ചത്തുരുത്തില്‍ ശ്രീ.ദിവാകരന്‍ എം.എല്‍.എ വൃക്ഷത്തൈ നടും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ.മധു, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി അഡ്വ.പി.വിശ്വംഭരപ്പണിക്കര്‍, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ.ചെറ്റച്ചല്‍ സഹദേവന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ ഐ.എ.എസ്, ഐ.ടി.മിഷന്‍ ഡയറക്ടര്‍ ചിത്ര എസ് ഐ.എ.എസ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രീ.ഇ.പ്രദീപ് കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പച്ചത്തുരുത്തുകള്‍ സ്ഥാപിച്ച വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ അനുമോദന പത്രം നല്‍കും.
പൊതു സ്ഥലങ്ങളുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ സൃഷ്ടിച്ചെടുക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പച്ചത്തുരുത്തുകളുടെ മൂന്നു വര്‍ഷത്തെ തുടര്‍ പരിചരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. സംസ്ഥാന ഐ.ടി.മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനമുപയോഗിച്ച് ഓരോ പച്ചത്തുരുത്തിന്റെയും സ്ഥാനം, വിസ്തൃതി, തൈകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ അടയാളപ്പെടുത്തുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. 590 പഞ്ചായത്തുകളിലായി 454 ഏക്കര്‍ വിസ്തൃതിയിലാണ് 1261 പച്ചത്തുരുത്തുകള്‍ ഉള്ളത്.
- 83 views