കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്ക് ഊന്നൽ പ്രളയ ബാധിത പഞ്ചായത്തുകൾക്ക് പ്രത്യേക പരിഗണന 110 കോടി രൂപ അടങ്കലിൽ 460 പദ്ധതികൾ
പ്രളയബാധിത പ്രദേശങ്ങളുടെ പുനർനിർമാണത്തിന് ഊന്നൽ നൽകിയും കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെ വളർച്ചയ്ക്ക് പരിഗണന നൽകിയും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2019-20ലേക്കുള്ള വാർഷിക പദ്ധതി. ആകെ 110 കോടി രൂപ അടങ്കലിൽ 460 പദ്ധതികൾ അടങ്ങിയ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ഇതോടെ പുതിയ വാർഷിക പദ്ധതിക്ക് ഡിപിസി അംഗീകാരം നേടുന്ന സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്തെന്ന നേട്ടത്തിന് കണ്ണൂർ അർഹമായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു.
വർക്കിംഗ് ഗ്രൂപ്പുകളുടെയും വികസന സെമിനാറിന്റെയും പദ്ധതി നിർദ്ദേശങ്ങൾക്കൊപ്പം പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് ഇത്തവണയും ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതികൾക്ക് രൂപം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടലും പ്രളയവും നാശം വിതച്ച മലയോര മേഖലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ പരിഗണന നൽകിയിട്ടുണ്ട്. തകർന്ന ഗതാഗത സൗകര്യങ്ങൾ പുനസ്ഥാപിക്കുന്നതിനായി രണ്ടു വീതം ഗ്രാമീണ റോഡുകളുടെ പുനർനിർമാണം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കും. കൃഷി, പശു, ആട് തുടങ്ങിയ ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കുന്നതിനാവശ്യമായ പദ്ധതികളും നടപ്പിലാക്കും.
തരിശുരഹിത ജില്ലയെന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ പ്രദേശങ്ങളിൽ കൃഷി നടപ്പിലാക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന കാർഷിക സ്വയം പര്യാപ്ത ഗ്രാമം പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം നടപ്പാക്കി വിജയിച്ച തേൻ ജില്ല പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം തുറന്നിടുന്ന വികസന സാധ്യതകൾ പ്രയോജനപ്പെടുത്താനുതകുന്ന വിവിധ പദ്ധതികൾ കാർഷിക, വിനോദസഞ്ചാര മേഖലകളിൽ നടപ്പിലാക്കുമെന്നും കെ വി സുമേഷ് പറഞ്ഞു. കയറ്റുമതി ലക്ഷ്യമിട്ട് കാർഷിക ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതോടൊപ്പം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ഒരു കോടി രൂപ ചെലവിൽ ഫാം ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കും. ടൂറിസ്റ്റുകൾക്കായി ഹോം സ്‌റ്റേകളുടെ നിർമാണവും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ എസ്എസ്എൽസി-പ്ലസ്ടു പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനും പ്രാധാന്യം നൽകുന്നു. സൗരോർജ വൈദ്യുതി സംവിധാനം സ്ഥാപിക്കാൻ ബാക്കിയുള്ള സ്‌കൂളുകളിൽ 69 ലക്ഷം രൂപ ചെലവിൽ ഇത്തവണ അത് നടപ്പിലാക്കും. സ്‌കൂളുകൾ ഹൈടെക്കാക്കിയതോടെ വൈദ്യുതി ഉപയോഗം വൻതോതിൽ വർധിച്ച സാഹചര്യത്തിൽ വളരെ പ്രാധാന്യത്തോടെയാണ് സൗരോർജ്ജ പദ്ധതി നടപ്പിലാക്കുന്നത്.
ഹരിതകേരളം മിഷന്റെ ഭാഗമായുള്ള നെൽകൃഷി പ്രോൽസാഹനം (4.4 കോടി), തരിശുഭൂമി കൃഷിയോഗ്യമാക്കൽ (45 ലക്ഷം), ജലസംരക്ഷണം (50 ലക്ഷം), ജൈവ വൈവിധ്യപാർക്കുകളുടെ നിർമാണം (26.6 ലക്ഷം), കാർഷിക യന്ത്രവൽക്കരണം (33 ലക്ഷം), കാർഷിക സ്വയംപര്യാപ്ത ഗ്രാമങ്ങൾ (50 ലക്ഷം), പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള സമഗ്രവിദ്യാഭ്യാസ പദ്ധതി (80 ലക്ഷം), സ്‌കൂളുകളിൽ സിസിടിവി സ്ഥാപിക്കൽ (23 ലക്ഷം), ലൈഫ് മിഷൻ വീടുകൾക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് സഹായം (12.4 കോടി), വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർക്ക് സൗജന്യ മരുന്ന് വിതരണം (50 ലക്ഷം), ക്ഷീരകർഷകർക്കുള്ള വിവിധ വികസന പദ്ധതികൾ (3.3 കോടി), സംരംഭകത്വ വികസന പരിപാടികൾ (50 ലക്ഷം), പട്ടിക വർഗ കോളനികളെ ലഹരിവിമുക്തമാക്കൽ (രണ്ട് ലക്ഷം), പട്ടികജാതി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്, പിഎസ് സി പരിശീലനം (30 ലക്ഷം), വയോജന ഹെൽത്ത് ക്ലബ്ബുകളുടെ നിർമാണം (10 ലക്ഷം), സ്‌കൂൾ പൗൾട്ടറി ക്ലബ്ബുകൾ (20 ലക്ഷം), താറാവ് ഫാമുകൾ (10 ലക്ഷം), ജിഐഎസ് മാപ്പിംഗ് (20 ലക്ഷം) തുടങ്ങി നൂതനവും വൈവിധ്യമാർന്നതുമായ നിരവധി പദ്ധതികൾ ഇത്തവണത്തെ വാർഷിക പദ്ധതിയിൽ ഇടംപിടിച്ചിട്ടുണ്ട്. കുട്ടികൾ, വനിതകൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ, വയോജനങ്ങൾ തുടങ്ങിയ വിഭാഗങ്ങളുടെ ശാക്തീകരണത്തിനാവശ്യമായ സംരംഭങ്ങൾ, പുതുതലമുറയിൽ ശാസ്ത്ര ബോധം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ, നവോത്ഥാന ക്യാംപയിനുകൾ തുടങ്ങിയവയും ഉൾപ്പെട്ടതാണ് വാർഷിക പദ്ധതിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വികസന ഫണ്ട് പൊതുവിഭാഗത്തിൽ 45 കോടി, പ്രത്യേക ഘടക പദ്ധതിയിൽ 4.95 കോടി, പട്ടികവർഗ പദ്ധതിയിൽ 3 കോടി, തനത് ഫണ്ട് 4.4 കോടി, റോഡ് മെയിന്റനൻസ് ഫണ്ട് 40.5 കോടി, റോഡിതര മെയിന്റനൻസ് ഫണ്ട് 7.8 കോടി, ഗ്രാമപഞ്ചായത്ത് വിഹിതം 2.6 കോടി എന്നിങ്ങനെ 110 കോടിയാണ് അടങ്കൽ തുക. ഉൽപാദന മേഖലയിൽ 60ഉം സേവന മേഖലയിൽ 211ഉം പശ്ചാത്തല മേഖലയിൽ 189ഉം പ്രൊജക്ടുകളാണ് വാർഷിക പദ്ധതിയിലുള്ളത്. എസ്‌സി വിഭാഗത്തിനുള്ള 12പ്രൊജക്ടുകളും എസ്ടി വിഭാഗത്തിനുള്ള 18പ്രൊജക്ടുകളും ഉൾപ്പെടെയാണിത്. റോഡ് നിർമാണം ഉൾപ്പെടെയുള്ള പശ്ചാത്തല വികസനത്തിന് 40.48 കോടി രൂപയുടെയും ഉൽപ്പാദന മേഖലയ്ക്ക് 19 കോടിയുടെയും വിദ്യാഭ്യാസ മേഖലയ്ക്ക് 16 കോടിയുടെയും പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ പി ജയബാലൻ, സെക്രട്ടറി വി ചന്ദ്രൻ എന്നിവരും പങ്കെടുത്തു.
- 943 views