"rebuild.kerala.gov.in ല്‍ നാടിനായി കൈകോര്‍ക്കാം"
പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണവും ജനങ്ങളുടെ പുനരധിവാസവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ മനസിലാക്കുന്നതിനും സംഭാവന നല്‍കുന്നതിനും സഹായിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ ലോകത്തെവിടെ നിന്നും rebuild. kerala.gov.in ലൂടെ കേരളത്തിനായി കൈകോര്‍ക്കാനാവും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും മുഖേന നടപ്പാക്കുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പോര്‍ട്ടലില്‍ തയ്യാറാക്കിയിട്ടുണ്ട്. വ്യക്തികള്‍, വ്യവസായ സ്ഥാപനങ്ങള്‍, അസോസിയേഷനുകള്‍, കമ്പനികള്‍ എന്നിവര്‍ക്ക് താല്‍പര്യമുള്ള പദ്ധതികള്‍ തിരഞ്ഞെടുത്ത് സംഭാവന നല്‍കാനും സ്പോണ്‍സര്‍ ചെയ്യാനും സാധിക്കും. കമ്പനികളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസപോണ്‍സിബിലിറ്റി (സി. എസ്. ആര്‍) സ്‌കീമില്‍ ഉള്‍പ്പെടുത്താവുന്ന വിധത്തിലാണ് കേരള പുനര്‍നിര്‍മാണത്തിനുള്ള പദ്ധതികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
പദ്ധതികളുടെ വിശദാംശങ്ങള്‍ ഫോട്ടോ സഹിതം പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്. ഫണ്ട് ചെയ്യുന്ന പദ്ധതികളുടെ പുരോഗതിയും തുക ചെലവഴിക്കുന്ന വിധവും തുക നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരീക്ഷിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് വര്‍ച്വല്‍ പ്ലാറ്റ്ഫോം തയ്യാറാക്കിയിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പോര്‍ട്ടലില്‍ ലോഗ് ചെയ്ത് പദ്ധതികളുടെ പുരോഗതി രേഖപ്പെടുത്താനാവും. ഓരോ ഘട്ടത്തിലെയും പുരോഗതി ഫോട്ടോ സഹിതം പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. ഇത് സുതാര്യത ഉറപ്പാക്കും. ഫണ്ട് ചെയ്യപ്പെടുന്ന പദ്ധതികളുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനും സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തും. ഭാവിയില്‍ പദ്ധതിയുടെ നടത്തിപ്പ് ബ്ളോക്ക് ചെയിന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സോഷ്യല്‍ മോണിറ്ററിംഗിന് വിധേയമാക്കാനുള്ള സൗകര്യവും പോര്‍ട്ടലില്‍ ഒരുക്കുന്നുണ്ട്.
പദ്ധതികള്‍ തിരഞ്ഞെടുക്കാം, സംഭാവന നല്‍കാം
വെബ്സൈറ്റിന്റെ ഹോം പേജില്‍ മുകള്‍ഭാഗത്ത് ലോഗിന്‍, സൈന്‍ അപ് ഓപ്ഷനുണ്ട് (സംഭാവന നല്‍കുന്ന പദ്ധതികളുടെ പുരോഗതി അറിയാന്‍ രജിസ്റ്റര്‍ ചെയ്യണം). പുനര്‍നിര്‍മാണ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയാന്‍ ഫില്‍ട്ടര്‍ സെര്‍ച്ച് ഒപ്ഷന്‍ ഉപയോഗിക്കാം. ഇവിടെ ജില്ല, നഗരസഭ, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള പദ്ധതികള്‍ തിരയാനാവും. പൂര്‍ണമായും ഭാഗികമായും വളരെ കുറച്ചു മാത്രമായും നാശനഷ്ടം സംഭവിച്ചതിന്റെയും ആവശ്യമുളള തുകയുടെയും വിശദാംശങ്ങള്‍ ലഭ്യമാണ്. താത്പര്യമുള്ള പദ്ധതി തിരഞ്ഞെടുത്ത് ഇഷ്ടമുള്ള തുക രേഖപ്പെടുത്തി ഡൊണേറ്റ് ബട്ടണ്‍ അമര്‍ത്തുന്നതോടെ പേയ്മെന്റ് ഓപ്ഷനിലേക്ക് പോകും. ഇവിടെ പേര്, ഇ മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ശേഷം ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യു. പി. ഐ സംവിധാനങ്ങളുപയോഗിച്ച് ലോകത്തെവിടെ നിന്നും തുക സംഭാവന ചെയ്യാം. വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അക്കൗണ്ട് നമ്പറിലേക്ക് ഓണ്‍ലൈനിലൂടെയല്ലാതെയും സംഭാവന നല്‍കാം. പേയ്മെന്റ് പൂര്‍ണമാവുന്നതോടെ വിവരം സ്റ്റാറ്റസ് പേജില്‍ കാണാനാവും. കൂടാതെ ഇ മെയില്‍ വിലാസത്തിലും മൊബൈല്‍ നമ്പറിലും സന്ദേശം ലഭിക്കുകയും ചെയ്യും. ഓണ്‍ലൈന്‍ സംഭാവനയ്ക്ക് യാതൊരു വിധ ഫീസും ഈടാക്കില്ല. എല്ലാ സംഭാവനകള്‍ക്കും നികുതി ഇളവ് ലഭിക്കും.
- 2039 views