Wayanad-Material collection centres in all panchayaths

Posted on Wednesday, November 14, 2018

മാലിന്യമുക്ത വയനാട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യ ശേഖരണത്തിനായി ജില്ലയിലെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും നവംബര്‍ 25 നകം മെറ്റീരിയല്‍ കലക്ഷന്‍ സംവിധാനമൊരുക്കും. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിലവില്‍ വെള്ളമുണ്ട, കോട്ടത്തറ, പടിഞ്ഞാറത്തറ, പനമരം, കണിയാമ്പറ്റ, തവിഞ്ഞാല്‍, പൂതാടി, നൂല്‍പ്പുഴ, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ ഈ സംവിധാനമില്ല. ഇവിടങ്ങളില്‍ താല്‍ക്കാലികമായെങ്കിലും എംസിഎഫ് ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രദേശവാസികളുടെ എതിര്‍പ്പാണ് സെന്റര്‍ സ്ഥാപിക്കുന്നതിന് തടസ്സമെന്നു ജനപ്രതിനിധികള്‍ ജില്ലാ കലക്ടറെ അറിയിച്ചു. ഇതിനു പരിഹാരമുണ്ടാക്കാന്‍ ജനപ്രതിനിധികളടക്കം സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനമായി. നവംബര്‍ 26 മുതല്‍ ഹരിതകര്‍മസേന വാര്‍ഡ് തലത്തില്‍ മാലിന്യശേഖരണം തുടങ്ങും. നിലവില്‍ അഞ്ചു ഗ്രാമപ്പഞ്ചായത്തുകളിലാണ് വാര്‍ഡ് തല ഹരിതകര്‍മസേന പ്രവര്‍ത്തിക്കുന്നത്. യൂസര്‍ ഫീ സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതിക്ക് തീരുമാനമെടുക്കാം. വീടുകളില്‍ നിന്നു പരമാവധി 60 രൂപ വരെ ഈടാക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നെന്മേനി പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ മാലിന്യശേഖരണ കേന്ദ്രമുണ്ട്. ഇവിടെ നിന്നു മാലിന്യം നീക്കം ചെയ്യാന്‍ സംവിധാനമില്ലെന്നു പഞ്ചായത്ത് പ്രതിനിധി യോഗത്തെ അറിയിച്ചു. ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് ഈ ആഴ്ച തന്നെ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ ശുചിത്വമിഷനെ ചുമതലപ്പെടുത്തി. 

ഡിസംബര്‍ ഒന്നുമുതല്‍ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകള്‍ ട്രയല്‍ റണ്‍ തുടങ്ങും. നിലവില്‍ കല്‍പ്പറ്റ ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളില്‍ പ്ലാസ്റ്റിക് ഷ്രഡിങ് മെഷീനുകളുണ്ട്. ഇതര പഞ്ചായത്തുകള്‍ക്ക് കൂടി ഉപകാരപ്പെടുത്താന്‍ ഷ്രെഡിങ് മെഷീന്‍ സ്ഥാപിക്കാമെന്നറിയിച്ച് പനമരം, മുട്ടില്‍, മുള്ളന്‍കൊല്ലി, നെന്മേനി ഗ്രാമപ്പഞ്ചായത്തുകള്‍ മുന്നോട്ടുവന്നു. ഇവിടങ്ങളില്‍ ആവശ്യമായ ത്രീ ഫേസ് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. നിശ്ചിത ഫീസ് നല്‍കി മറ്റു പഞ്ചായത്തുകള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. അതേസമയം, കേന്ദ്രീകൃത സംസ്‌കരണകേന്ദ്രം ഒരുക്കാന്‍ ജില്ലാ പഞ്ചായത്തിന് പദ്ധതിയുണ്ടെന്നു ശുചിത്വമിഷന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് ബന്ധപ്പെട്ട പഞ്ചായത്തുകളെ അറിയിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. എല്ലാ വാര്‍ഡുകളിലും ജാഗ്രതാസമിതി രൂപീകരിക്കണം. ജില്ലയെ മാലിന്യമുക്തമാക്കാനുള്ള പ്രയത്‌നത്തില്‍ എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഹരിതകേരളം, ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.