തിരുവനന്തപുരം നഗരസഭ വിവാഹ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം 7 ന് - കല്യാണ മണ്ഡപങ്ങളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു

Posted on Wednesday, January 10, 2018

തിരുവനന്തപുരം നഗരസഭയുടെ രണ്ടാ വാര്‍ഷികത്തോടനുബന്ധിച്ച് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഓണ്‍ലൈൻ കിയോസ്കുകളുടെ ഉദ്ഘാടനം ഡിസംബര്‍ 7 ന് നടക്കും. നഗര പരിധിയിലെ കല്ല്യാണ മണ്ഡപങ്ങൾ, ആരാധനാലയങ്ങൾ നഗരസഭയുടെ ആശുപത്രി കിയോസ്ക് പരിപാലിക്കുന്ന കുടുംബശ്രീ യൂണിറ്റ് എന്നിവയുമായി ചേര്‍ന്നാണ് നഗരസഭ ഈ സൗകര്യം ഒരുക്കുന്നത്. നഗരസഭാ അതിര്‍ത്തിക്കുള്ളിൽ നടക്കുന്ന വിവാഹങ്ങൾ അതാതു ദിവസം തന്നെ രജിസ്റ്റർ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. വിവാഹം നടക്കുന്ന സ്ഥാപനങ്ങൾ ഇതിനായി നഗരസഭയുമായി കരാറിൽ ഏര്‍പ്പെടണം. കല്യാണ മണ്ഡപങ്ങളും ആരാധനാലയങ്ങളും ഇതിനായി നഗരസഭയിൽ പ്രത്യേകം അപേക്ഷാ ഫോറം നല്‍കണം. വധൂവരന്‍മാർ വിവാഹം നടത്തുന്നതിന് മണ്ഡപം ബുക്ക് ചെയ്യുമ്പോൾ തന്നെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷയും ആവശ്യമായ രേഖകളും നിശ്ചിത ഫീസും മണ്ഡപത്തിന് കൈമാറണം നഗരസഭ ഏര്‍പ്പെടുത്തിയിട്ടുള്ള കിയോസ്ക് എക്സിക്യൂട്ടീവ് ഈ രേഖകൾ ശേഖരിച്ച് ഓണ്‍ലൈൻ സംവിധാനത്തിലേക്ക് മാറ്റും. വിവാഹം നടക്കുന്ന ദിവസം കിയോസ്ക് എക്സിക്യൂട്ടിവ് മണ്ഡപത്തിൽ എത്തിക്കുന്ന വിവാഹ റിപ്പോര്‍ട്ടിന്‍റെ പ്രിന്‍റ്ഔട്ട് വധൂവരന്‍മാർ പരിശോധിച്ച് ഒപ്പിട്ട് നല്‍കണം. വിവാഹ ശേഷം മണ്ഡപത്തിൽ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം ഭാര്യാഭര്‍ത്താക്കന്‍മാർ നഗരസഭാ ഓഫീസിൽ എത്തി രജിസ്റ്ററിൽ ഒപ്പുവച്ചാൽ ഉടന്‍ വിവാഹം രജിസ്റ്റർ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കൈമാറും. പിന്നീട് ആവശ്യമെങ്കിൽ സര്‍ട്ടിഫിക്കറ്റ് നഗരസഭാ വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുക്കാൻ കഴിയും.

വിവാഹ ഓണ്‍ലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് മണ്ഡപങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ടെന്നും ഈ സംവിധാനത്തിൽ പങ്കാളികളാകാൻ താല്‍പര്യമുള്ള കല്യാണ മണ്ഡപങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുടെ  ചുമതലക്കാർ അടിയന്തിരമായി നഗരസഭാ മെയിന്‍ ഓഫീസിന്‍റെ രണ്ടാം നിലയിൽ പ്രവര്‍ത്തിക്കുന്ന വിവാഹ രജിസ്ട്രേഷന്‍ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണെന്നും മേയർ അഡ്വ.വി.കെ. പ്രശാന്ത് അറിയിച്ചു.