Thiruvananthapuram Corporation - Pension Mustering only in approved Akshaya centers

Posted on Thursday, November 21, 2019

സാമൂഹ്യ സുരക്ഷാ ഗുണഭോക്താക്കള്‍ അംഗീകൃത അക്ഷയ സെന്‍ററുകള്‍ വഴി മാത്രം മസ്റ്ററിംഗ് ചെയ്യേണ്ടതാണെന്ന് മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചു. അക്ഷയ സെന്‍ററുകള്‍ അല്ലാത്ത ചില ഓണ്‍ലൈന്‍ സേവനദാതാക്കള്‍ ഫീസ് ഈടാക്കിക്കൊണ്ട് മസ്റ്ററിംഗ് എന്ന വ്യാജേന പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനായി പരാതി ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സാമൂഹ്യ സുരക്ഷ മസ്റ്ററിംഗ് (ജീവന്‍രേഖ) നിലവില്‍ അക്ഷയകേന്ദ്രങ്ങളില്‍ മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്. മസ്റ്ററിംഗ് നടത്തിയാല്‍ മാത്രമെ ഗുണഭോക്താക്കള്‍ക്ക് ഇനി മൂതല്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. ഇ.പി.എഫ് അംഗങ്ങള്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്ന ജീവന്‍ പ്രമാണ്‍ വെബ്സൈറ്റിലൂടെ അംഗീകാരമില്ലാത്ത കമ്പ്യൂട്ടര്‍ സെന്‍ററുകള്‍ സാമൂഹ്യ സുരക്ഷാ ഗുണഭോക്താക്കള്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ചെയ്യുന്നത്. ആയത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാരുടെ ڇസേവനڈ വെബ് സൈറ്റില്‍ അപ്ഡേറ്റഡ് ആകില്ല. ഇത്തരം സെന്‍ററുകളിലൂടെ പെന്‍ഷനുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതല്ല. അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള പെന്‍ഷന്‍ മസ്റ്ററിംഗ് തികച്ചും സൗജന്യമാണ്.

പെന്‍ഷന്‍ മസ്റ്റിംഗുമായി ബന്ധപ്പെട്ട് അക്ഷയ കേന്ദ്രങ്ങളില്‍ വളരെയധികം തിരക്ക് അനുഭവപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തിരുവനന്തപുരം നഗരസഭ മെയിന്‍ ഓഫീസില്‍ മസ്റ്ററിംഗിനായി പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിക്കുന്നു. നഗരസഭാ കൗണ്‍സില്‍ ലോഞ്ചില്‍ സജ്ജമാക്കുന്ന 7 പ്രത്യേക കൗണ്ടറുകളുടെ ഉദ്ഘാടനം 2019 നവംബര്‍ 21-ാം തീയതി രാവിലെ 10 മണിക്ക് മേയര്‍ കെ.ശ്രീകുമാര്‍ നിര്‍വ്വഹിക്കും.