താരപ്പകിട്ടിന്‍റെ അകമ്പടിയില്‍ പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് പ്രൗഢോജ്വല സമാപനം

Posted on Saturday, February 1, 2025
ഇന്ത്യന്‍ ഗ്രാമീണ സംരംഭങ്ങളുടെ തനിമയും സംസ്കാരവും കലയും സമന്വയിച്ച പതിനൊന്നാമത് കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചെങ്ങന്നൂരില്‍ ജനുവരി 31ന്‌ നിറപ്പകിട്ടാര്‍ന്ന പരിസമാപ്തി. ഉദ്ഘാടന ദിനം മുതല്‍ സരസ് മേളയിലേക്കൊഴുകിയെത്തിയ ജനസഞ്ചയം സമാപന ദിവസവും പ്രധാനവേദിയില്‍ തിങ്ങി നിറഞ്ഞു. പന്ത്രണ്ട് ദിവസങ്ങളിലായി ഉല്‍പന്ന പ്രദര്‍ശന വിപണനവും ഫുഡ്കോര്‍ട്ടും കലാപരിപാടികളും പുഷ്പമേളയുമായി അരങ്ങേറിയ സരസ് മേള ഏറ്റവും ശ്രദ്ധേയമായ ജനകീയ മേളയെന്ന പെരുമ കൈവരിച്ചു കൊണ്ടായിരുന്നു സമാപനം. സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയേതാണെന്നുളള ചോദ്യത്തിന് കുടുംബശ്രീ എന്ന ഒറ്റ ഉത്തരം മാത്രമേയുള്ളൂവെന്ന് മന്ത്രി വി.എന്‍ വാസവന്‍ ദേശീയ സരസ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ചു കൊണ്ട് സ്ത്രീകള്‍ക്ക് സാമ്പത്തികാഭിവവൃദ്ധി നേടിക്കൊടുക്കാനും ബൗദ്ധിക ശേഷിയെ വളര്‍ത്താനും അടുക്കളയില്‍ നിന്നും അരങ്ങിലേക്ക് എത്തിച്ചു കൊണ്ട് സമ്പന്നമായ ഒരു സാംസ്കാരിക മൂല്യം ഉയര്‍ത്തിപ്പിടിക്കാനും കുടുംബശ്രീക്ക് കഴിയുന്നു. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രം നടത്തി വരുന്ന ദേശീയ സരസ് മേള ചെങ്ങന്നൂര്‍ പോലെ ഒരു ഗ്രാമത്തില്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചു കൊണ്ട് ചെങ്ങന്നൂരിനെ ജില്ലാ ആസ്ഥാനമാക്കി മാറ്റാന്‍ സംഘാടക മികവിന് കഴിഞ്ഞിട്ടുണ്ട്. സരസ്മേള ഒരു വലിയ വിജയമാക്കി മാറ്റിയ കുടുംബശ്രീ അംഗങ്ങളെയും അതിന് മാതൃകാപരമായ നേതൃത്വം വഹിച്ച മന്ത്രി സജി ചെറിയാനെയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭിനന്ദിക്കുന്നതായും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

ദേശീയ സരസ് മേളയില്‍ ഉല്‍പന്ന വിപണനം വഴിയും ഫുഡ്കോര്‍ട്ടു വഴിയും ആകെ പന്ത്രണ്ട് കോടിയിലധികം രൂപയുടെ വിറ്റുവരവ് നേടാനായെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഫുഡ് കോര്‍ട്ട് വഴി മാത്രം രണ്ടു കോടി രൂപയുടെ വിറ്റുരവാണ് ലഭിച്ചത്. മേള കഴിഞ്ഞ് അന്തിമ കണക്കെടുപ്പില്‍ പതിനാല് കോടി രൂപയുടെ വിറ്റുവരവ് നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസനത്തിലും ക്ഷേമത്തിലും മാത്രമല്ല ഐക്യത്തിലും ചെങ്ങന്നൂര്‍ മാതൃകയായി. സരസ് മേള ഇത്ര വലിയ വിജയമാക്കിയ ചെങ്ങന്നൂര്‍ മാതൃക ലോകത്തിനു മുന്നില്‍ അഭിമാനപൂര്‍വം ഉയര്‍ത്തി കാട്ടാനാകും. സരസ് മേള സംഘടിപ്പിക്കാന്‍ അനുവദിച്ച കുടുംബശ്രീ ഫണ്ട് ഫുഡ് സ്റ്റാളിന്‍റെയും ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളിന്‍റെയും പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിച്ചത്. കൂപ്പണ്‍ വില്‍പനയിലൂടെ ജില്ലയിലെ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും ലഭിച്ച 2.10 കോടി രൂപയാണ് മേളയുടെ സുഗമമായ നടത്തിപ്പിനും സമ്മാന വിതരണത്തിനുമാണ് ഉപയോഗിച്ചത്. ഇന്‍ഡോര്‍ ഗെയിംസ്, സിന്തറ്റിക് ട്രാക് എന്നിവ ഉള്‍പ്പെടെ അന്താരാഷ്ട്ര നിലവാരമുളള ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി 3ധനവകുപ്പ് മുപ്പത്തിമൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഏപ്രില്‍ 11ന് സ്റ്റേഡിയത്തില്‍ സ്റ്റേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സരസ് മേളയുടെ ആശയം തന്നെ അതിഗംഭീരമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പും സാംസ്കാരിക വകുപ്പും ഒരുമിച്ച് സംഘടിപ്പിക്കുന്ന സരസ് മേള നാടിന് തികച്ചും അഭിമാനരമാണെന്നും ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ ചലച്ചിത്ര താരം ടൊവീനോ തോമസ് പറഞ്ഞു. ചെങ്ങന്നൂര്‍ പ്രൊവിഡന്‍സ് കോളേജില്‍ ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന 'രസം 2025' ന്‍റെ പോസ്റ്റര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. സരസ് മേളയോടനുബന്ധിച്ചു തയ്യാറാക്കിയ സുവനീര്‍ മന്ത്രി സജി ചെറിയാന്‍ ടൊവീനോ തോമസിന് നല്‍കി പ്രകാശനം ചെയ്തു.  

മികച്ച സംഘാടനത്തിലൂടെ സരസ് മേള വിജയിപ്പിച്ച മന്ത്രി സജി ചെറിയാനെ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നിവര്‍ ആദരിച്ചു. സംഘാടക മികവിന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററെ മന്ത്രി സജി ചെറിയാന്‍ ആദരിച്ചു. എബ്രഹാം മാത്യു രചിച്ച 'പിന്നെയോ' എന്ന നോവലിന്‍റെ പ്രകാശനം മന്ത്രി സജി ചെറിയാന്‍ ടൊവീനോ തോസിന് നല്‍കി നിര്‍വഹിച്ചു.  രമേശ് എസ്.മകയിരം സംവിധാനം ചെയ്ത 'നാല്‍പ്പതുകളിലെ പ്രണയം' എന്ന ചിത്രത്തിന്‍റെ ഓഡിയോ കവര്‍ പ്രകാശനം മന്ത്രി സജി ചെറിയാന്‍ മന്ത്രി വി.എന്‍ വാസവന് നല്‍കി നിര്‍വഹിച്ചു. ചിത്രകാരന്‍മാരായ ജോണ്‍ കല്ലക്കടവ്, ഫിലിപ്പോസ് നിരണം എന്നിവര്‍ വരച്ച മന്ത്രി സജി ചെറിയാന്‍റെയും അര്‍ജുന്‍മാവേലിക്കര, മിലന്‍ കെ.ഷിജി മുഹമ്മദ് യാസിന്‍, അനി കെ.അശോക്, ഷൈനു എബ്രഹാം, മോന്‍സി  എന്നിവര്‍ വരച്ച ടൊവീനോ തോമസിന്‍റെയും ഛായാചിത്രം ഇരുവര്‍ക്കും സമ്മാനിച്ചു.  

ഉല്‍പന്ന വിപണന മേളയില്‍ ഏറ്റവും മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്കാരം കോഴിക്കോട് പവിത്രം ഫുഡ്സ് യൂണിറ്റിനായി നൂര്‍ജഹാന്‍, ജെ ആന്‍ഡ് എസ് ബാഗ് യൂണിറ്റിലെ ജയമ്മ, ഇതര സംസ്ഥാന വിഭാഗത്തില്‍ ശാലിനി(ഗോവ), ഹര്‍ഷത(മഹാരാഷ്ട്ര), മികച്ച ബ്ളോക്ക് സ്റ്റാള്‍ കല്‍പ്പാത്തി ഫുഡ്സ് ശ്രീരാജ് എന്നിവര്‍ക്ക് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു.

മികച്ച വില്‍പന (കേരള വിഭാഗം) വെണ്‍മ തലശ്ശേരി, മികച്ച വില്‍പന ഇതര സംസ്ഥാനം(രാജസ്ഥാന്‍),  കാശ്മീര്‍, ആദിവാസി മേഖലയിലെ അട്ടപ്പാടി വനസുന്ദരി സ്റ്റാള്‍, ട്രാന്‍സ് ഡെന്‍ഡര്‍ വിഭാഗത്തില്‍ എറണാകുളത്തെ 'ലക്ഷ്യ' ഗ്രൂപ്പിനെയും പ്രത്യേകം ആദരിച്ചു.    

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രഞ്ജിത് എസ് സ്വാഗതം പറഞ്ഞു. എം.എല്‍.എമാരായ ദലീമ ജോജോ, തോമസ് കെ.തോമസ്, പി.സി വിഷ്ണുനാഥ്, യു.പ്രതിഭ,  എ.മഹേന്ദ്രന്‍, എ.എന്‍ നസീര്‍, ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍സ് അധ്യക്ഷന്‍ എം.കൃഷ്ണദാസ്,  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.ജി ശ്രീകുമാര്‍, പുഷ്പലത മധു, ടി.ജെ ആഞ്ചലോസ്, ജേക്കബ് തോമസ് അരികുപുറം, ഗിരീഷ് ഇലഞ്ഞിമേല്‍, ടി.കെ ഇന്ദ്രജിത്ത്, ആര്‍.ഡി.ഓ മോബി ജെ, എം,വി ഗോപകുമാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ കെ.എസ് ശ്രീകാന്ത്, ജി. വിവേക്, കുടുംബശ്രീ അസിസ്റ്റന്‍റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് എം.ജി എന്നിവര്‍ ആശംസിച്ചു. യുവജനക്ഷേമ ബോര്‍ഡ് അംഗം ജെയിംസ് സാമുവല്‍ നന്ദി അറിയിച്ചു.      
 
രാവിലെ കുടുംബശ്രീ മിഷന്‍ ജീവനക്കാരുടെ കലോത്സവം, ആഫ്രിക്കയിലെ ഘാനയില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിച്ച ആഫ്രിക്കന്‍ ഫോക് ഡാന്‍സ് എന്നിവയും സമാപന സമ്മേളനത്തിനു ശേഷം നീനാ പ്രസാദ് അവതരിപ്പിച്ച നൃത്തശില്‍പം, പ്രസീത ചാലക്കുടി അവതരിപ്പിച്ച നാടന്‍ പാട്ട് എന്നിവയും വേദിയില്‍ അരങ്ങേറി. സരസ് മേളയുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജില്ലയിലെ സി.ഡി.എസുകളെയും വിവിധ കമ്മിറ്റികളെയും ആദരിച്ചു.  
 
sda

 

 

Content highlight
Kudumbashree National Saras Mela held in Chengannur concludes