പ്രളയബാധിതരായ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കുറഞ്ഞവിലക്ക് ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ഡിസ്ക്കൗണ്ട് പര്‍ച്ചേസ് പദ്ധതിക്ക് നവംബര്‍ പത്തിന് തുടക്കം

Posted on Wednesday, November 7, 2018

*ഗൃഹോപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കാന്‍ അര്‍ഹത റിസര്‍ജന്‍റ് കേരള ലോണ്‍ സ്കീം വഴി വായ്പ ലഭ്യമായ കുടുംബശ്രീ ഗുണഭോക്താക്കള്‍ക്ക്

*വായ്പ ലഭ്യമായ ഗുണഭോക്താക്കള്‍ക്ക് ഡീലര്‍മാരില്‍ നിന്നോ അംഗീകൃത ഏജന്‍സികളില്‍ നിന്നോ നേരിട്ട് പണം നല്‍കി ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാം

              
തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും നഷ്ടപ്പെട്ട അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇവ കുടുംബശ്രീ മുഖേന കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഡിസ്ക്കൗണ്ട് പര്‍ച്ചേസ് പദ്ധതിക്ക് നവംബര്‍ പത്തിന് തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ പത്തിന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ നടത്തും. പ്രളയബാധിതരായ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പരമാവധി സഹായങ്ങള്‍ എത്തിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി നിലവിലുള്ള മാര്‍ക്കറ്റ് വിലയില്‍ നിന്നും  അമ്പത് ശതമാനം വരെ വിലക്കുറവില്‍ തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഗൃഹോപകരണങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ള ബ്രാന്‍ഡഡ് കമ്പനികളെ  സഹകരിപ്പിച്ചുകൊണ്ട് അവരുടെ ഉല്‍പന്നങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.  ഇതു പ്രകാരം സംസ്ഥാനത്ത് റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം പ്രകാരം വായ്പ ലഭിക്കുന്ന എല്ലാ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും പദ്ധതി വഴി കുറഞ്ഞ വിലയ്ക്ക് ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും ലഭ്യമാകും.

പദ്ധതിയുമായി സഹകരിക്കാന്‍ ഗൃഹോപകരണ-ഫര്‍ണിച്ചര്‍ നിര്‍മാതാക്കളെ പൊതുവായി ക്ഷണിച്ചതു കൂടാതെ കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്‍റെ സഹകരണത്തോടെ കൂടുതല്‍ കമ്പനികളെ  ഇതില്‍ പങ്കെടുപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് രാജ്യത്തെ ഇരുപത്തിരണ്ടോളം പ്രമുഖ ഗൃഹോപകരണ-ഫര്‍ണിച്ചര്‍ നിര്‍മാതാക്കള്‍  പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിരുന്നു. ഫ്രിഡ്ജ്, ഗ്യാസ് അടുപ്പ്, ടി.വി, മിക്സി, വാഷിങ്ങ് മെഷീന്‍, കുക്കര്‍, ഫാന്‍, കട്ടില്‍, അലമാര, കസേര, മേശ, ബെഡ്, മോട്ടോര്‍, വാട്ടര്‍ ടാങ്ക്, ഗ്രൈന്‍ഡര്‍, തേപ്പുപെട്ടി, തയ്യല്‍ മെഷീന്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവയടക്കമുള്ള ഉല്‍പന്നങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. വായ്പാ തുക ലഭ്യമാകുന്ന മുറയ്ക്ക് ഓരോ ജില്ലയിലുമുള്ള അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഈ സ്ഥാപനങ്ങളില്‍ നിന്നും തങ്ങള്‍ക്കാവശ്യമുള്ള ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും ഇടനിലക്കാരില്ലാതെ നേരിട്ട് പണം നല്‍കി വാങ്ങാന്‍ കഴിയും.  

പ്രളയബാധിതരായ റിസര്‍ജന്‍റ് കേരള ലോണ്‍ സ്കീം വഴി വായ്പ ലഭ്യമായ ഗുണഭോക്താക്കള്‍ തന്നെയാണ് ഗൃഹോപകരണങ്ങള്‍ വാങ്ങാനെത്തുന്നതെന്നും കുടുംബശ്രീ കൃത്യമായി ഉറപ്പാക്കും. ഇതിന്‍റെ ഭാഗമായി  വായ്പ ലഭിച്ച് ഗൃഹോപകരണങ്ങള്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹോളോഗ്രാം പതിച്ച് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ പ്രത്യേക ഡിസ്ക്കൗണ്ട് പര്‍ച്ചേസ് കാര്‍ഡ് നല്‍കും. ഇതില്‍ അംഗത്തിന്‍റെ ഫോട്ടോ, പേര്, അയല്‍ക്കൂട്ടത്തെ സംബന്ധിച്ച വിവരങ്ങള്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, അനുവദിച്ച വായ്പാ തുക എന്നിവയുമുണ്ടാകും.  
പദ്ധതിയുടെ ഭാഗമായുളള രജിസ്ട്രേഷന്‍ നടപടികളോടനുബന്ധിച്ച് കമ്പനികള്‍ അറിയിച്ച ഡിസ്കൗണ്ട് നിരക്കില്‍ തന്നെയാണ് ഉപഭോക്താക്കള്‍ക്ക് ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും നല്‍കുന്നതെന്നും കുടുംബശ്രീ ഉറപ്പാക്കും. കൂടാതെ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് തങ്ങളുടെ ആവശ്യമനുസരിച്ച്  ഗുണനിലവാരമുള്ള ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും ലഭ്യമാക്കാന്‍ സഹായിക്കുന്നതിനായി ഉല്‍പന്നങ്ങളുടെ ഇനം, മോഡല്‍, കമ്പനിയുടെ പേര്, അനുവദിച്ച ഡിസ്ക്കൗണ്ട്, ഡീലര്‍മാരുടെയും അംഗീകൃത സ്ഥാപനങ്ങളുടെയും ജില്ല തിരിച്ചുളള വിവരങ്ങള്‍ എന്നിവയടങ്ങിയ വിശദമായ ബ്രോഷറും തയ്യാറാക്കി നല്‍കുന്നുണ്ട്.
റിസര്‍ജന്‍റ് കേരള ലോണ്‍ സ്കീം പ്രകാരം വായ്പ ലഭ്യമായ സംസ്ഥാനത്തെ അയല്‍ക്കൂട്ട അംഗങ്ങള്‍ വാങ്ങുന്ന ഗൃഹോപകരണങ്ങളുടെയും ഫര്‍ണിച്ചറുകളുടെയും വിശദമായ കണക്കെടുപ്പും ഇതോടൊപ്പം നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി വായ്പ ലഭ്യമായ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന ഡിസ്ക്കൗണ്ട് പര്‍ച്ചേസ് കാര്‍ഡിന്‍റെ മറുവശത്ത് അവര്‍ വാങ്ങുന്ന ഗൃഹോപകരണങ്ങളുടെയും ഫര്‍ണിച്ചറുകളുടെയും വിവരങ്ങള്‍ അതത് സ്ഥാപനങ്ങള്‍ മുഖേന രേഖപ്പെടുത്തും. തുടര്‍ന്ന് കുടുംബശ്രീ സി.ഡി.എസുകള്‍ മുഖേന ഈ വിവരങ്ങള്‍ ശേഖരിച്ച് സംസ്ഥാനമിഷനില്‍ സമര്‍പ്പിക്കും. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ലഭ്യമായ  വായ്പാ തുക പദ്ധതി പ്രകാരം വിനിയോഗിച്ചു എന്നുറപ്പ് വരുത്താനാണിത്.  


പ്രളയക്കെടുതിയോടനുബന്ധിച്ച് ഗൃഹോപകരണങ്ങളും ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ടു പോയ കുടുംബശ്രീ അയല്‍ക്കൂട്ട വനിതകള്‍ക്ക് അത് വീണ്ടെടുക്കുന്നതിനുള്ള ധനസഹായമായി ഒരു ലക്ഷം രൂപ ബാങ്കു വായ്പ നല്‍കുന്നതിനായി സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതു പ്രകാരം നിലവില്‍ വായ്പ ലഭിച്ച എല്ലാ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും ഡിസ്ക്കൗണ്ട് പര്‍ച്ചേസ് വഴി ഗുണനിലവാരമുള്ള ഉപകരണങ്ങള്‍ വാങ്ങാനാകും. ഇതുവരെ 19546 അംഗങ്ങള്‍ക്കായി 155. 17 കോടി രൂപ വിവിധ ബാങ്കുകള്‍ വായ്പ അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് വായ്പ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.

 

Content highlight
വായ്പ ലഭിച്ച് ഗൃഹോപകരണങ്ങള്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹോളോഗ്രാം പതിച്ച് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ പ്രത്യേക ഡിസ്ക്കൗണ്ട് പര്‍ച്ചേസ് കാര്‍ഡ് നല്‍കും