വരുന്നൂ സംസ്ഥാനമൊട്ടാകെ കുടുംബശ്രീ ജൈവിക പ്ലാന്റ് നേഴ്‌സറികള്‍

Posted on Thursday, July 12, 2018

മികച്ച ഇനം വിത്തുകളും സസ്യത്തൈകളും കേരളമൊട്ടാകെ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പ്ലാന്റ് നേഴ്‌സറികള്‍ ആരംഭിക്കുന്നു. ജൈവിക പ്ലാന്റ് നേഴ്‌സറിയെന്ന പേരില്‍ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നേഴ്‌സറികള്‍ ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് അവരുടെ ആവശ്യം അനുസരിച്ച് ഗുണനിലവാരമുള്ള വിത്തുകളും തൈകളും ലഭ്യമാക്കുന്നത് കൂടാതെ സംസ്ഥാനമൊട്ടാകെ മിതമായ നിരക്കില്‍ വിലനിലവാരത്തില്‍ മാറ്റമില്ലാതെ ഇവയെല്ലാം പൊതുജനങ്ങള്‍ക്കും നല്‍കുക എന്നീ ലക്ഷ്യവും ജൈവിക പ്ലാന്റ് നേഴ്‌സറിക്കുണ്ട്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള (വിഎഫ്പിസികെ)യില്‍ നിന്നും കൃഷി വിജ്ഞാന്‍ കേന്ദ്ര (കെവികെ)യില്‍ നിന്നുമായിരുന്നു ഇതുവരെ ഇവര്‍ വിത്തുകളും തൈകളും വാങ്ങിയിരുന്നത്.  ഇപ്പോള്‍ കുടുംബശ്രീയ്ക്ക് കീഴില്‍ സംസ്ഥാനത്താകെ 159 പ്ലാന്റ് നേഴ്‌സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ ഓരോ ജില്ലയിലും പത്ത് നേഴ്‌സറികള്‍ വീതം ഉടന്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിവിധ ഇനം പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍, അലങ്കാരച്ചെടികള്‍ തുടങ്ങിയവയുടെ തൈകളും വിത്തുകളും നൂതന മാര്‍ഗ്ഗങ്ങളുപയോഗിച്ച് വികസിപ്പിച്ചെടുത്ത വൃക്ഷത്തൈകളുമെല്ലാം ഈ നേഴ്‌സറി വഴി ലഭ്യമാകും.

  ഗതാഗത സൗകര്യം, അടിസ്ഥാന സൗകര്യ ലഭ്യത എന്നിവ അനുസരിച്ച് നിശ്ചിത അളവില്‍ സ്ഥലം ലഭിക്കുന്ന മുറയ്ക്കാകും ഓരോ ജില്ലയിലും നേഴ്‌സറികള്‍ ആരംഭിക്കാനുള്ള പ്രദേശങ്ങള്‍ തീരുമാനിക്കുന്നത്. നേഴ്‌സറിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചുമതല കുടുംബശ്രീ വനിതകള്‍ക്കാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും നല്‍കും. നേഴ്‌സറി ആരംഭിക്കുന്നതിനായി ഒാരോ സംഘത്തിനും റിവോള്‍വിങ് ഫണ്ടും നല്‍കും. നിലവിലുള്ള നേഴ്‌സറികളെ ജൈവിക ബ്രാന്‍ഡിന് കീഴില്‍ കൊണ്ടു വരുന്നതിനും വിപുലപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം നടത്തി വരുന്നു. എല്ലാ നേഴ്‌സറികളുടെയും വിറ്റുവരവും സ്റ്റോക്ക് പരിശോധനയുമെല്ലാം ഓണ്‍ലൈന്‍ വഴിയാക്കി ഈ സംരംഭങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഭാവിയില്‍ ഏര്‍പ്പെടുത്തും.

 

Content highlight
Presently, Kudumbashree have 159 existing plant nurseries in hand