കുടുംബശ്രീ- എബിസി മൊബൈല്‍ ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Posted on Wednesday, May 16, 2018

തിരുവനന്തപുരം: തെരുവുനായ നിയന്ത്രണ പദ്ധതി  ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്നും കുടുംബശ്രീയുടെ കീഴിലുള്ള 'വിന്നേഴ്സ്' എ.ബി.സി മൊബൈല്‍ യൂണിറ്റ് കഴിഞ്ഞ ദിവസം ആറു നായ്ക്കളെ പിടി കൂടി. ഇവയെ  മൊബൈല്‍  ഓപ്പറേഷന്‍ തിയേറ്ററില്‍ വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്ത ശേഷം ആറ്റിങ്ങള്‍ മൃഗാശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയാനന്തര പരിചരണങ്ങള്‍ നടത്തി വരികയാണ്.  ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്ക് പിടിച്ച സ്ഥലത്തു തന്നെ തിരികെ വിടും.   

സംസ്ഥാനത്ത് ഇതാദ്യമായാണ് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ പദ്ധതിക്കായി മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൂടുതല്‍ മൊബൈല്‍ സര്‍ജറി യൂണിറ്റുകള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

ജില്ലയിലെ മുദാക്കല്‍ പഞ്ചായത്തിലെ കുടുംബശ്രീ വനിതകളായ രജനി.ടി.ജി, ജീവശ്രീ, കൂടാതെ സതീഷ് കുമാര്‍, ജിതേഷ് കെ.ജി, മുകേഷ് എന്നിവര്‍ ചേര്‍ന്നാണ് സംരംഭം തുടങ്ങിയത്. ഈ മാസം ഒമ്പതിനായിരുന്നു മൊബൈല്‍ യൂണിറ്റിന്‍റെ  ഉദ്ഘാടനം. സംരംഭം തുടങ്ങുന്നതിനായി ഇന്നവേഷന്‍ ഫണ്ടായി കുടുംബശ്രീ മൂന്നര ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് മൂന്നു ലക്ഷം രൂപയും നല്‍കിയിരുന്നു. കൂടാതെ പത്തു ലക്ഷം രൂപ ബാങ്ക് വായ്പയും എടുത്താണ് വാഹനം വാങ്ങി അതില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത മൊബൈല്‍ ഓപ്പറേഷന്‍ തിയേറ്ററില്‍  ഓപ്പറേഷന്‍ ടേബിള്‍, ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ഓട്ടോക്ളേവ്, ഫ്രിഡ്ജ്, അലമാര, വാട്ടര്‍ ടാങ്ക്, വയറിങ്ങ് ഉള്‍പ്പെടെ എല്ലാ സൗകര്യവും ഉണ്ട്.

ശസ്ത്രക്രിയ ചെയ്യുന്നതിനായി കുടുംബശ്രീ എംപാനല്‍ ചെയ്ത വിദഗ്ധ ഡോക്ടര്‍മാരും രണ്ട് മെഡിക്കല്‍ അസിസ്റ്റന്‍റ്മാരും വാഹനത്തെ അനുഗമിക്കും. സെക്രട്ടേറിയറ്റ് വളപ്പില്‍  നിന്നും പിടി കൂടിയ ഇവര്‍   കഴിഞ്ഞ ദിവസം അഴൂര്‍ പഞ്ചായത്തില്‍ നിന്നും ഇരുപത്തിരണ്ട് നായ്ക്കളെ കൂടി പിടിച്ച് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഈ നായ്ക്കള്‍ക്കെല്ലാം ഇപ്പോള്‍ ശസ്ത്രക്രിയാനന്തര പരിചരണം നല്‍കി വരികയാണ്. ഇവയെ പിന്നീട് പിടിച്ച സ്ഥലത്തു തന്നെ തിരികെ വിടും. കഴിഞ്ഞ വര്‍ഷം കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളില്‍ തെരുവുനായ നിയന്ത്രണ പദ്ധതി ആരംഭിച്ചിരുന്നു. ഇവിടെയെല്ലാം പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ യൂണിറ്റ് അംഗങ്ങളായ അയല്‍ക്കൂട്ട വനിതകള്‍ക്ക് മികച്ച രീതിയില്‍ വരുമാനം നേടാന്‍ സാധിക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളും പദ്ധതി നടപ്പാക്കാന്‍ താല്‍പര്യപ്പെട്ടു മുന്നോട്ടു വന്നിട്ടുണ്ട്.   ഇവിടങ്ങളില്‍ സംരംഭക ഗ്രൂപ്പുകള്‍ രൂപീകരിച്ച് അതിലെ അംഗങ്ങള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം നല്‍കി വരികയാണ്.  ഇവര്‍ അടുത്ത മാസം മുതല്‍  പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാനത്ത് ഇപ്പോള്‍  അഞ്ഞൂറിലേറെ തദ്ദേശ സ്ഥാപനങ്ങളില്‍  പദ്ധതി നടപ്പാക്കുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം  സംസ്ഥാനത്ത് 13320  തെരുവുനായ്ക്കളെയാണ് പിടികൂടി വന്ധ്യംകരിച്ച് ശസ്ത്രക്രിയാനന്തര പരിചരണവും നല്‍കി വിട്ടയച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നു മാത്രം അയ്യായിരത്തോളം തെരുവു നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കാന്‍ കഴിഞ്ഞു. ഇതുവഴി പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ഉപദ്രവം ഗണ്യമായ രീതിയില്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.