ഡിഡിയുജികെവൈ പദ്ധതി: കുടുംബശ്രീ ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Posted on Monday, May 7, 2018

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ നിര്‍ധനരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴിലും നല്‍കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയുജികെവൈ) സംസ്ഥാനത്ത് മികച്ച രീതിയില്‍ നടപ്പാക്കിയതിന്  കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ പുരസ്കാരം കുടുംബശ്രീക്ക് ലഭിച്ചു.  ഝാര്‍ഖണ്ഡിലെ റാഞ്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍  കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് എന്നിവരില്‍ നിന്നും കുടുംബശ്രീക്കു വേണ്ടി ഡി.ഡി.യു.ജി.കെ.വൈ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ഡോ.പ്രവീണ്‍ സി.എസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഷിബു എന്‍.പി എന്നിവര്‍ ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങിയ പുരസ്കാരം സ്വീകരിച്ചു.  മികച്ച പ്രവര്‍ത്തനത്തിന് കഴിഞ്ഞ വര്‍ഷവും കുടുംബശ്രീക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.  

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമീണ മേഖലയിലെ 10663 ഓളം യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനവും ജോലിയും ലഭ്യമാക്കിയതിനാണ് അവാര്‍ഡ്. ഈ വര്‍ഷം 30,000 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

     ഓരോ വര്‍ഷവുമുള്ള ഗുണഭോക്താക്കളുടെ എണ്ണം, പരിശീലനം നേടിയവര്‍ക്ക് ഉറപ്പാക്കിയ തൊഴില്‍ ലഭ്യത, വിവിധ പരിശീലന ഏജന്‍സികളുമായി ധാരണാപത്രം ഒപ്പു വയ്ക്കല്‍, മൈഗ്രേഷന്‍ സപ്പോര്‍ട്ട്, പദ്ധതി ഊര്‍ജിതപ്പെടുത്തുന്നതിനായി നൂതന സാങ്കേതിക വിദ്യകളുടെയും വിവര സാങ്കേതിക വിദ്യയുടെയും ഉപയോഗം, പദ്ധതി ഗുണഭോക്താക്കള്‍ക്ക് ആത്മവിശ്വാസം വളര്‍ത്താന്‍ ഉപകരിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ ഉള്‍പ്പെടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വിലയിരുത്തല്‍, പുരസ്കാര നിര്‍ണയ കമ്മിറ്റക്കു മുമ്പാകെയുള്ള പ്രവര്‍ത്തനങ്ങളുടെ അവതരണം എന്നിവയാണ് പുരസ്കാരം നിര്‍ണയത്തിനായി സ്വീകരിച്ച മാനദണ്ഡങ്ങള്‍.

    ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിലും കൂടാതെ എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. പരിശീലനാര്‍ത്ഥികള്‍ക്കു നല്‍കുന്ന മികച്ച അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍, നൂതനവും വൈവിധ്യമുളളതുമായ കോഴ്സുകള്‍, കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അംഗീകാരമുള്ള എന്‍.സി.വി.ടി, എസ്.എസ്.സി സര്‍ട്ടിഫിക്കറ്റുകള്‍, നടത്തിപ്പിലെ സൂക്ഷ്മത എന്നിവയും പുരസ്കാര നിര്‍ണയത്തിനു പരിഗണിച്ചിരുന്നു.  

    ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഗുണഭോക്താക്കളുടെ അഭിരുചിക്കും യോഗ്യതയ്ക്കും അനുസരിച്ചാണ് വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നത്.  

Shibu.N.P (left) and Dr.Praveen C.S receives national award  from Raghubar Das  and  Narendra Singh Tomer