കേരളം കാതോര്‍ത്ത് കാത്തിരിക്കും, വരുന്നൂ കുടുംബശ്രീ കമ്മ്യൂണിറ്റി റേഡിയോ

Posted on Monday, March 12, 2018

തിരുവനന്തപുരം: സ്ത്രീശാക്തീകരണ വഴിയില്‍ വ്യത്യസ്തങ്ങളായ പരിപാടികളുമായി മുന്നേറുന്ന കുടുംബശ്രീയുടെ കരുത്തുറ്റ ശബ്ദം ഇനി മുതല്‍ ശ്രോതാക്കളെ തേടിയെത്തും. ദാരിദ്ര്യനിര്‍മാര്‍ജനത്തിന്  വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കുക വഴി സമൂഹത്തില്‍ സ്ത്രീജീവിതത്തിന്‍റെ മുഖച്ഛായ മാറ്റിയ കുടുംബശ്രീ കമ്മ്യൂണിറ്റി റേഡിയോ എന്ന പുതിയ ദൗത്യവുമായാണ് ഇത്തവണ എത്തുന്നത്. 2,77,175 അയല്‍ക്കൂട്ടങ്ങളിലായി 43 ലക്ഷം സ്ത്രീകളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് സാമൂഹ്യവും സാംസ്കാരികവുമായ വിദ്യാഭ്യാസപ്രക്രിയ സാധ്യമാക്കുന്നതിനാണ് കമ്യൂണിറ്റി റേഡിയോ ആരംഭിക്കുന്നത്.

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ വ്യാപനം, സര്‍ക്കാര്‍ നടപ്പാക്കുന്ന  വിവിധ പദ്ധതികളുടെ അറിയിപ്പുകളും ഗുണഫലങ്ങളും ജനങ്ങളിലേക്കെത്തിക്കുക, കുടുംബശ്രീ അംഗങ്ങളുടെ സര്‍ഗശേഷി പ്രകടിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും വേദിയൊരുക്കുക, ബാലസഭാ പ്രവര്‍ത്തനങ്ങള്‍ക്കായി വിനോദ വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കുക, സാമൂഹ്യ തിന്‍മകള്‍ക്കെതിരേ പ്രചാരണം നടത്തുക, പ്രാദേശികസാമ്പത്തിക വികസനം, സ്ത്രീശാക്തീകരണം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കമ്മ്യൂണിറ്റി റേഡിയോ ആരംഭിക്കുന്നത്.

 

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന സ്ത്രീശാക്തീകരണ ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സമ്പൂര്‍ണ വിവരങ്ങള്‍ കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെയും പരിപാടികളെയും കുറിച്ചുളള വിവരണങ്ങള്‍, പദ്ധതിയിലേക്ക്‌ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന രീതി, അപേക്ഷിക്കേണ്ട വിധം, അര്‍ഹതാ മാനദണ്ഡങ്ങള്‍, സമയപരിധി, വിവിധ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍, സംരംഭക-സംഘകൃഷി മേഖലയിലെ ആനുകൂല്യങ്ങള്‍, വിവിധ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഇന്‍ഷൂറന്‍സ് പരിരക്ഷ, വിവിധ സാമ്പത്തിക സഹായം,  കുടുംബശ്രീ യൂണിറ്റുകളുടെ വിജയഗാഥകള്‍, വ്യക്തിഗത നേട്ടങ്ങള്‍ കൈവരിച്ച കുടുംബശ്രീ അംഗങ്ങളെ പരിചയപ്പെടുത്തല്‍, സംസ്ഥാന ജില്ലാമിഷനില്‍ നിന്നും യൂണിറ്റുകള്‍ക്കുളള സര്‍ക്കുലറുകള്‍, സര്‍ക്കാരിന്‍റെ വിവിധ പദ്ധതികള്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവയും പരിപാടിയില്‍ ഉള്‍പ്പെടുത്തും.  

 

അയല്‍ക്കൂട്ട വനിതകള്‍ക്ക് കുടുംബശ്രീയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നേരിട്ട്‌ മറുപടി പറയുന്ന തത്സമയ പരിപാടിയും ഉണ്ടായിരിക്കും. വകുപ്പ് മന്ത്രി,  ജില്ലാമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ തത്സമയ സംപ്രേഷണ പരിപാടികളും, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവരുടെ സന്ദേശങ്ങള്‍, ഫോണ്‍ ഇന്‍ പരിപാടികള്‍, ഉപഭോക്തൃ മേഖലകളെ സംബന്ധിക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍, ചോദ്യോത്തര പരിപാടികള്‍ എന്നിവയും കമ്മ്യൂണിറ്റി റേഡിയോ വഴി ആരംഭിക്കും. കൂടാതെ ഓരോ ആഴ്ചയും അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പ്രത്യേക അറിയിപ്പുകള്‍ കുടുംബശ്രീ റേഡിയോയുടെ ഒരു സവിശേഷതയാണ്. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍  ഇതുവഴി സാധിക്കും.  

 

കുടുംബശ്രീ അംഗങ്ങള്‍ക്കുളള അവസരങ്ങളെക്കുറിച്ചും സഹായ പദ്ധതികളെക്കുറിച്ചും അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് യഥാസമയം  അറിയാന്‍ കഴിയുന്ന മികച്ച  സംവിധാനം എന്ന നിലയ്ക്കാണ് കമ്യൂണിറ്റി റേഡിയോ അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ മലപ്പുറത്തായിരിക്കും കുടുംബശ്രീ കമ്മ്യൂണിറ്റി റേഡിയോ സ്ഥാപിക്കുക.   റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നതോടെ അയല്‍ക്കൂട്ടങ്ങളിലേക്ക് നേരിട്ട് കുടുംബശ്രീ  സന്ദേശങ്ങള്‍  എത്തിക്കാനും ഇതുവഴി അയല്‍ക്കൂട്ട യോഗങ്ങളും പ്രവര്‍ത്തനങ്ങളും  എങ്ങനെ ചിട്ടപെടുത്തണം എന്ന  അവബോധം ലഭിക്കുകയും ചെയ്യും.

 

ഓരോ പദ്ധതിയെ കുറിച്ചും വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിലൂടെ പദ്ധതി ഓരോ ഗുണഭോക്താക്കളിലും യഥാസമയം എത്തിക്കുന്നതിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് അയല്‍ക്കൂട്ടങ്ങളില്‍  അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാനതല കാമ്പെയ്നുകള്‍ സംഘടിപ്പിക്കുന്നതിനും കഴിയും. കൂടാതെ റേഡിയോ വഴി സംരംഭകരുടെ വിജയാനുഭവ കഥകള്‍ പങ്കുവയ്ക്കുന്നത് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന കുടുംബശ്രീ വനിതകള്‍ക്ക് പ്രചോദനം നല്‍കും. ബാലസഭാ കുട്ടികളുടെ അനുഭവ വിവരണവും കലാപരിപാടികളും കുടുംബശ്രീ റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്നതുവഴി കൂടുതല്‍ കുട്ടികള്‍ക്ക് ബാലസഭയിലേക്ക് കടന്നുവരനുള്ള അവസരമൊരുക്കും.

 

കൂടാതെ സംസ്ഥാനത്ത് നടപ്പാക്കുന്ന കാര്‍ഷിക പദ്ധതികള്‍, സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രവേശനം, കുടുംബശ്രീ തിരഞ്ഞെടുപ്പ്, ബാങ്ക് ലിങ്കേജ്,  നഗരസഭാപ്രദേശങ്ങളില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍,  എന്നിവയുടെ വ്യാപനം സംബന്ധിച്ചും ഉല്‍പ്പന്ന പ്രദര്‍ശന - വിപണന മേളകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ റേഡിയോവഴി സംപ്രേഷണം ചെയ്യുന്നതിലൂടെ എത്രയും വേഗം അത് അയല്‍ക്കൂട്ടങ്ങളിലേക്കെത്തിക്കാ നും  ഈ ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കാനും കഴിയും.

 

മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങിന്‍റെ കീഴില്‍  ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബേസില്‍ (ബ്രോഡ്കാസ്റ്റിങ്ങ് എന്‍ജിനീയറിങ്ങ് കണ്‍സള്‍ട്ടന്‍റ്സ് ഇന്ത്യ ലിമിറ്റഡ്)എന്ന സ്ഥാപനവുമായി സഹകരിച്ചാണ് കുടുംബശ്രീ കമ്യൂണിറ്റി റേഡിയോ പദ്ധതി നടപ്പാക്കുക. റേഡിയോ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ എല്ലാ സാങ്കേതിക സഹായവും നല്‍കുന്നതും ബേസില്‍ ആയിരിക്കും. ഈ വര്‍ഷം ജൂണില്‍ കമ്യൂണിറ്റി റേഡിയോ പ്രവര്‍ത്തനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

Content highlight
Kudumbashree community radio